രാജ്യദ്രോഹ കുറ്റം: കനയ്യയ്ക്ക് എതിരായ കുറ്റപത്രം ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ജെഎന്‍യു വില്‍ നടന്ന വിദ്യാര്‍ത്ഥി റാലിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കനയ്യ കുമാറുള്‍പ്പടെ 10 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

2016 ഫെബ്രുവരിയില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ സൂത്രധാരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ജെഎന്‍യു ക്യാംപസില്‍ നടന്ന പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

രാജ്യ ദ്രോഹത്തിന് പുറമെ കലാപം ഉണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, കള്ളരേഖ ചമക്കല്‍ തുടങ്ങിയ എട്ടോളം വകുപ്പുകളും പത്തുപേര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്‍ അന്വേഷിച്ച കേസില്‍ 1200 പേജുകളുള്ള കുറ്റപത്രമാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതോടൊപ്പം 10 വീഡിയോ ക്ലിപ്പുകളും കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.

Top