കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിയ്ക്കും പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ നയിക്കാനാവുക കോണ്‍ഗ്രസിന് മാത്രമെന്ന് കനയ്യ കുമാര്‍. ഭഗത് സിംഗിന്റെ ധൈര്യവും ഗാന്ധിജിയുടെ സ്വപ്നവും അംബേദ്കറിന്റെ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആളും. കോണ്‍ഗ്രസില്ലാതെ രാജ്യത്തിന് പിടിച്ച് നില്‍ക്കാനാവില്ലെന്നും കനയ്യ പറഞ്ഞു.

അതേസമയം കനയ്യയുടേത് കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുന്നുവെന്ന് കനയ്യ അറിയിക്കുകയായിരുന്നു. ആളുകള്‍ വരുകയും വഞ്ചിച്ച് പോകുകയും ചെയ്യും. സിപിഐ മുന്നോട്ട് പോകുക തന്നെ ചെയ്യും. കനയ്യയുടെ നടപടി സിപിഐ കോണ്‍ഗ്രസ് സഹകരണത്തെ ബാധിക്കില്ലെന്നും രാജ പറഞ്ഞു.

പാര്‍ട്ടി വ്യക്താധിഷ്ഠിതമല്ല. അത്ഭുത വിദ്യയയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ജെ എന്‍ യു സമരം ആരംഭിച്ചത്. സെപ്റ്റംബര്‍ ആദ്യം ചേര്‍ന്ന സി പി ഐ ദേശീയ യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും കനയ്യ ഉയര്‍ത്തിയിരുന്നില്ല. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം കനയ്യ പറഞ്ഞില്ല. കനയ്യ സ്വയം പുറത്തു പോയതാണ്. ഒക്ടോബറില്‍ ചേരുന്ന ദേശീയ സമിതി യോഗം വിഷയം ചര്‍ച്ച ചെയ്യും. കനയ്യ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും ഡി രാജ പറഞ്ഞു.

Top