അഭ്യൂഹങ്ങള്‍ക്ക് വിരാമം; കനയ്യയും മേവാനിയും കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ചൊവ്വാഴ്ച തനിക്കൊപ്പം കനയ്യ കുമാറും കോണ്‍ഗ്രസിലേക്ക് ചേരുമെന്ന് ജിഗ്‌നേഷ് മേവാനി അറിയിച്ചു. ഇതോടെ ദിവസങ്ങളായി കനയ്യയും മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലായിരിക്കും പാര്‍ട്ടി പ്രവേശം. ഭഗത്‌സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ട്ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. കനയ്യയോ മേവാനിയോ റിപ്പോര്‍ട്ടുകള്‍ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല.

രാഹുല്‍ഗാന്ധിക്ക് പുറമെ പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോര്‍ എന്നിവരുമായും യുവനേതാക്കള്‍ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറില്‍ നിര്‍ണ്ണായക പദവി നല്‍കുമ്പോള്‍ ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിര്‍ത്താന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല.സിപിഐ ബിഹാര്‍ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കനയ്യ.

Top