സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്ന് കാനം; ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനം

തിരുവനന്തപുരം: സിപിഐക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഒറ്റയ്ക്കു നിന്നാല്‍ ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നു കാണാമെന്ന് കാനം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു.

ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ല, യോഗത്തിനുശേഷം അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.

കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി.

ഇതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎമ്മും സിപിഐയും. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ക്ക് ഇന്ന് തുടങ്ങും.

മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലിയായിരുന്നു സിപിഐഎം-സിപിഐ ഭിന്നത തുടങ്ങിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ കാനം രാജേന്ദ്രന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും.

സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നാണ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നത്. സിപിഐ അടുത്ത തവണ എതുമുന്നണിയില്‍ എന്നറിയില്ല. സര്‍ക്കാര്‍ മോശമാണെന്ന് വരുത്തുകയാണു സിപിഐ. തോളില്‍ക്കയറിയിരുന്നു ചെവി കടിക്കരുതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞിരുന്നു.

Top