ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം; നേതാക്കള്‍ വിട്ടുനിന്നത് ശരിയായില്ലെന്ന് ഉമ്മന്‍ ചാണ്ടി

ummanchandi

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തില്‍ നിന്ന് കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ വിട്ട് നിന്നതിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേതാക്കള്‍ വിട്ടുനിന്നത് ശരിയായില്ലെന്നും രാഷ്ട്രീയത്തില്‍ വിശാലമായ സമീപനമാണ് വേണ്ടതെന്നും അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

അധികാരത്തില്‍ എത്തിയിട്ടും അധികാരം കിട്ടിയിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണ രാഷ്ട്രീയത്തിന് മാറ്റം വന്നിട്ടില്ലെന്നും കോടികള്‍ ചെലവിട്ടാണ് പ്രതികള്‍ക്ക് പാര്‍ട്ടി നിയമ സഹായം നല്‍കുന്നതെന്നും അതിനാല്‍ സിബിഐയെ ഭയക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ടിപി അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിട്ടുനിന്നതിനെതിരെ കടുത്ത വിമര്‍ശനമാണ്‌ ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവും ഉന്നയിച്ചത്. ആര്‍എംപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മാംഗത് റാം പസ്‌ലയാണ് ടി പി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ലൈബ്രറിയും കരിയര്‍ ഗൈഡന്‍സ് സെന്ററും ഓഡിറ്റോറിയവും അടങ്ങുന്നതാണ് മൂന്ന് നില കെട്ടിടം.

2012 മെയ് നാലിന് രാത്രി ഒമ്പതരയോടെയാണ് വടകര വള്ളിക്കാട്ട് വെച്ച് ക്വട്ടേഷന്‍ സംഘത്തിന്റെ വെട്ടേറ്റ് ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത്. കേസില്‍ 75 പേരെയാണ് പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.

Top