സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങരുത്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങാന്‍ പാടില്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഈ നിലപാട് സി പി ഐ ഇന്നലെത്തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നല്ല ആലങ്കാരികമായി ഈ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സി പി ഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിന്റെ നിയമന വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് എക്സിക്യൂട്ടീവിന്റെ അധികാരപത്തില്‍പ്പെട്ട കാര്യങ്ങളാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ചയിലെ യാത്രയിലുള്‍പ്പെടെ ഗവര്‍ണര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് ഞങ്ങള്‍ ചോദിച്ചില്ലല്ലോ. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം പറഞ്ഞു.

Top