ബസുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക വിമര്‍ശനങ്ങള്‍ പുകയുമ്പോള്‍ ന്യായീകരിച്ച് കാനം

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബസുകള്‍ പിന്നെ ആകാശത്താണോ നിര്‍ത്തിയിടുക എന്നായിരുന്നു കാനത്തിന്റെ ചോദ്യം.സമരത്തിനിടെ ഒരു യാത്രക്കാരന്‍ മരിക്കാനിടയായ സംഭവം വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുമ്പോഴാണ് കാനത്തിന്റെ ഈ പ്രതികരണം.

കെ.എസ്.ആര്‍.ടി.എസ് ബസ് നടുറോഡില്‍ പാര്‍ക്ക് ചെയ്തതല്ല ബ്ലോക്ക് ഉണ്ടാകാന്‍ കാരണമെന്നും സംഭവം സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ കെഎസ്ആര്‍ടിസി സമരത്തെ വളരെ രൂക്ഷമായ ഭാഷയിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചത്. സമരത്തിന്റെ പേരില്‍ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. സമരക്കാര്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. മര്യാദകേടാണ് നടന്നതെന്നും കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നതെന്നും മന്ത്രി പ്രതികരിക്കുകയുണ്ടായി. സമരത്തിന്റെ പേരില്‍ അന്യായങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം മരിച്ച സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top