പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാരെ പോലെയാവരുത്; വിമര്‍ശനവുമായി കാനം

kanam rajendran

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ലെന്നും മാവോയിസ്റ്റ് അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിടുന്ന എല്ലാ തെളിവുകളും വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐ മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല. എന്നാല്‍ മാവോയിസ്റ്റുകളെ കൊലചെയ്യുന്നതിനോട് യോജിപ്പില്ല. ഇടതുപക്ഷ മുന്നണി ഇത്തരം കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കപ്പുറം പോലീസ് എടുക്കുന്ന നടപടികളെ പിന്തുണയ്ക്കേണ്ട ബാധ്യതയില്ല. പോലീസ് നല്‍കുന്ന തെളിവ് ആണ് അന്തിമം എന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ലോകത്ത് എവിടെയെങ്കിലും കമഴ്ന്നുകിടന്ന് പോലീസുകാര്‍ മഹസ്സര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോ എന്നും പോലീസ് പുറത്തുവിട്ട വീഡിയോ സൂചിപ്പിച്ച് കാനം ചോദിച്ചു.

കേരള സര്‍ക്കാര്‍ ചെയ്യുന്നതും നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നതും ഒരുപോലെയാകാന്‍ പാടില്ല എന്നാണ് ഞങ്ങളുടെ നിലപാട്. മാവോയിസ്റ്റ് വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ഇല്ല. കൊലപ്പെടുത്തി പ്രശ്നം അവസാനിപ്പിക്കാം എന്ന ഭരണകൂടത്തിന്റെ ചിന്തയെ സിപിഎമ്മും സിപിഐയും അനുകൂലിക്കുന്നില്ല.

Top