കാനം ഏതെങ്കിലും തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് ജയദേവന്‍

തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ മുന്‍ എംപി സി.എന്‍.ജയദേവന്‍. കാനം ഏതെങ്കിലും തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിച്ച കാനത്തിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള കരുതലാകാം കാനത്തിനെന്നും ഇത്രയ്ക്ക് വേണോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊച്ചിയില്‍ സിപിഐ നേതാക്കളെയും എംഎല്‍എയെയും തെരുവില്‍ തല്ലിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെരുവില്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ജയദേവന്‍ വ്യക്തമാക്കി. എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസുകാര്‍ തിരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെന്നും ജയദേവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പൊലീസ് ലാത്തിചാര്‍ജിനെ ന്യായികരിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കാനം വ്യക്തമാക്കിയിരുന്നു. പൊലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടില്‍ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.

Top