കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ചത് എഐവൈഎഫുകാര്‍ ; രണ്ട് പേര്‍ അറസ്റ്റില്‍

arrest

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമടക്കം രണ്ട് പേര്‍ അറസ്റ്റില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.

പോസ്റ്റര്‍ പതിച്ച സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കാര്‍ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

സംഭവത്തില്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് എസ്പിക്ക് പരാതി നല്‍കിയിരുന്നു.

‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറഞ്ഞത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

Top