യുഎപിഎ അറസ്റ്റ്‌ എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല; കാനം രാജേന്ദ്രന്‍

kanam rajendran

തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ യുഎപിഎ പോലുള്ള വകുപ്പുകള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശം. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇത്തരം നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്നും കാനം പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതില്‍ തെറ്റില്ല. അതിന് ഞങ്ങള്‍ എതിരുമല്ല. എന്നാല്‍ വിചാരണയില്ലാതെ തടങ്കലില്‍ വെക്കുന്ന ഒരു നിയമത്തോടും യോജിക്കുന്നില്ല. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി കോഴിക്കോട് വരുന്ന ദിവസം തന്നെ ഇത്തരമൊരു സംഭവം നടന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നത് അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറയുന്നു.

അറസ്റ്റിലായ രണ്ട് പേരും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ്. പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

Top