‘പൊലീസിനെ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ബഹുമാനമില്ല’ ; തുറന്നടിച്ച് കാനം

kanam rajendran

കോഴിക്കോട് : പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് – ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല. പൊലീസ് റിപ്പോര്‍ട്ടുകളെ അതേപടി കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം തുറന്നടിച്ചു.

യുഎപിഎ അറസ്റ്റില്‍ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്നും കാനം ആരോപിച്ചു. കേസിലെ എഫ്‌ഐആര്‍ പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ള്‍ കൊ​ണ്ട​ല്ലെ​ന്നും ര​ണ്ടു സിം ​കാ​ര്‍​ഡു​ള്ള ഫോ​ണ്‍ മാ​ര​കാ​യു​ധ​മ​ല്ലെ​ന്നും കാ​നം പ​റ​ഞ്ഞു. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്നും കാനം ചോദിച്ചു. ബോധപൂര്‍വം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പൊലീസ്. ഇത് ചെറുക്കപ്പെടേണ്ടതാണ്. അറസ്റ്റ് യുഎപിഎക്ക് എതിരെ ഇടതുപക്ഷം രാജ്യവ്യാപകമായി നടത്തുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.

പശ്ചിമഘട്ട മേഖലയില്‍ മാവോയിസ്റ്റുകള്‍ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ പൊലീസിന് അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാകും. ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. പൊതു സമൂഹം ഇക്കാര്യങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കണം. എഴുന്നേറ്റു നില്‍ക്കാന്‍ കഴിയാത്തവരെയാണ് കൊടുംഭീകരരായി ചിത്രീകരിക്കുന്നതെന്നും കാനം വ്യക്തമാക്കി.

അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ അച്ഛന്‍ ഷുഹൈബുമായും കാനം കൂടിക്കാഴ്ച നടത്തി.

Top