മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് കാനം രാജേന്ദ്രന്‍

kanam rajendran

കോട്ടയം: മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട. സി.പി.ഐ യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്നും കാനം പറഞ്ഞു.

ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. സന്ദര്‍ഭത്തിനനുസരിച്ച് ആരുമായാണ് കൂടേണ്ടത് ആരെയാണ് എതിര്‍ക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്. ആര്‍.എസ്.എസിനെയും ബി.ജെ.പിയും എതിര്‍ക്കാന്‍ സി.പി.എമ്മിനും സി.പി.ഐക്കും കഴിയണം. ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബി.ജെ.പിയെ എതിര്‍ക്കാന്‍ വേണ്ടത് ഇടത് പാര്‍ട്ടികളുടെ ഐക്യമാണ്. എന്നാല്‍ ഇടത് പക്ഷം ഇപ്പോള്‍ ദുര്‍ബലമാണ്. പലരേയും വേണ്ടെന്ന് പറയുന്നതിന് മുന്‍പ് ഇടത് പക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് ആരെയും ജാതകം നോക്കി വേര്‍തിരിക്കേണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധാരണകള്‍ ഉണ്ടാക്കേണ്ട. സി.പി.ഐ സ്വീക്കരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുബോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല.

സി.പി.ഐ ദുര്‍ബലപ്പെട്ടെന്ന് ചില സ്‌നേഹിതര്‍ പ്രചരിപ്പിക്കുന്നു. സി.പി.ഐ ദുര്‍ബലമായാല്‍ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ട. സി.പി.ഐ ദുര്‍ബലമാണെന്ന് പറയുന്നവര്‍ കൂടെ കുറെ നാള്‍ താമസിച്ച ശേഷം നേരം വെളുക്കുമ്പോള്‍ ചാരിത്ര്യ ശുദ്ധിയെ സംശയിക്കുന്നവരെ പോലെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു

Top