അന്ത്യകൂദാശ കാത്ത് കിടക്കുന്നവരുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; മാണിയുടെ വരവില്‍ കാനം കലിപ്പില്‍ തന്നെ

kanam rajendran

കോഴിക്കോട് : കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററായി ഇടതുമുന്നണി മാറേണ്ടതില്ലെന്ന് കാനം തുറന്നടിച്ചു.

വിഘടിച്ച് നില്‍ക്കുന്ന ഇടത് പാര്‍ട്ടികളുടെ ഐക്യമാണ് വരേണ്ടത്. ഇത്തരം പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ബാര്‍കോഴയുമായി ബന്ധപ്പെട്ട് നേരത്തെ മാണിയടക്കമുള്ളവര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് സിപിഐ പിന്നോട്ടുപോകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് പൊലീസിന്റെ നടപടിക്രമങ്ങള്‍ മാത്രമാണ്. അന്തിമവിധി പറയേണ്ടത് കോടതിയാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രനയങ്ങള്‍ പിന്‍തുടരാതെ ജനകീയ സര്‍ക്കാരായി ഇടതുസര്‍ക്കാര്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു. കുറ്റ്യാടിയില്‍ സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

Top