ഗവർണർ സംഘപരിവാരത്തിന്റെ അക്ജ്ഞനുവർത്തി, തിരിച്ചടി നേരിടേണ്ടി വരും; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ അന്തസ് ഹനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിനെ ദുർബലപ്പെടുത്തി ഒരു സാമാന്തര സർക്കാരിനെ പോലെ സംഘപരിവാരത്തിന്റെ അക്ജ്ഞനുവർത്തിയായി പ്രവർത്തിക്കുകയാണ് ഗവർണർ. മാധ്യമങ്ങൾക്ക് മുന്നിൽ ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന അദ്ദേഹം രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്‌വഴക്ക ലംഘനമാണ്. ഗവർണറുടെ നടപടികൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കാനം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
ഭരണഘടന ഗവർണർ പദവിക്ക് കല്പ്പിച്ചു കൊടുത്തിട്ടുള്ള അന്തസ് ഇല്ലാതാക്കുന്ന തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കേരളത്തിലെ LDF സർക്കാരിനും മുഖ്യമത്രിക്കുമെതിരെ നിർണായക തെളിവുകൾ പുറത്തുവിടുമെന്ന വാദത്തോടെ രാജ്ഭവനിൽ വിളിച്ചു ചേർത്ത അസാധാരണ പത്ര സമ്മേളനം കേവലം രാഷ്ട്രീയ പ്രസംഗത്തിലൊതുങ്ങി. ഗവർണരുടെ വെളിപ്പെടുത്തലുകൾക്ക് കാതോർത്തു നിന്ന കേരള ജനത കണ്ടത് ഗവർണരുടെ മറ്റൊരു രാഷ്ട്രീയ അന്തർനാടകം മാത്രമായിരുന്നു. സർക്കാരിനെതിരെ അദ്ദേഹം സംഘപരിവാറിന്റെ നാവായി പറയുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അതോടൊപ്പം അബദ്ധജഢിലമായതുമായ കാര്യങ്ങളല്ലാതെ മറ്റൊന്നും ഈ കൊട്ടിഘോഷിച്ച രാജ്ഭവൻ വാർത്ത സമ്മേളനത്തിൽ പറയാൻ അദ്ദേഹത്തിനായില്ല. മാധ്യമങ്ങൾക്ക് മുൻപിൽ നിരന്തരം ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന ഗവർണർ രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്‌വഴക്ക ലംഘനമാണ്.

Top