kanam rajendran-actress assault

തിരുവനന്തപുരം : കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ഒന്നോ രണ്ടോ ഡ്രൈവര്‍മാര്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല കൊച്ചിയില്‍ നടന്നത്. കേരളത്തെ നടുക്കിയ സംഭവമാണിത്. യഥാര്‍ത്ഥ കുറ്റവാളികളെയും ഇതിന്റ പിന്നിലെ ഗൂഡാലോചനയെയും പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞു.

സിനിമാ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ഉപരോധം തീര്‍ക്കാനോ അവകാശ സംരക്ഷണത്തിനോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം കൊണ്ട് ഇത്തരം അപ്രമാദിത്തങ്ങള്‍ അവസാനിപ്പി്ക്കണം. പ്രമുഖ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

അതിന്റെ അടിസ്ഥാനത്തില്‍ വ്യക്തമായ ഒരു നയം രൂപീകരിക്കുകയും ആര്‍ക്കും ഈ മേഖലയില്‍ തൊഴിലെടുക്കാം എന്ന തരത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു സംവിധാനം കൊണ്ടുവരണം. സിനിമാമേഖലയിലെ സംഘടനകളുടെ അപ്രമാദിത്തം അവസാനിപ്പിക്കാതെ ഈ മേഖല സമാധാനപൂര്‍ണമായി മുന്നോട്ടുപോകില്ല. തൊട്ടതിനും പിടിച്ചതിനും ഉപരോധം ഏര്‍പ്പെടുത്തുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top