കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തന്നോട് പാര്‍ട്ടി വിട്ട് പോകില്ലെന്ന് പറഞ്ഞിരുന്നെന്നും ബീഹാര്‍ ഘടകവുമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നതായും കാനം രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം കനയ്യ കുമാര്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന അഭിപ്രായമില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കനയ്യകുമാറിനെ സിപിഐയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് അറിയിച്ചത്. കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ വഹിച്ചിരുന്നത് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു.

ഇന്നു വൈകിട്ടാണ് സിപിഐ നേതാവ് കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

താന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാര്‍ പറഞ്ഞു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവര്‍ മൂവരുടെയും ചിത്രം രാഹുല്‍ ഗാന്ധിക്ക് നല്‍കിയെന്നും കനയ്യ അറിയിച്ചു. ബിജെപിക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Top