കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭീഷണി നേരിടുന്ന കനകദുര്‍ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് കോടതി. സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അത് ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

മുഴുവന്‍ സമയസുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും മുഴുവന്‍ സമയവും സുരക്ഷവേണമെന്നും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഈ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ബിന്ദുവിന്റേയും കനകദുര്‍ഗ്ഗയുടേയും അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ പുറത്ത് ശബരിമല ദര്‍ശനം നടത്തിയ തങ്ങള്‍ക്ക് ഇപ്പോള്‍ കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗ്ഗയെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടി എത്തുകയുണ്ടായി. മഞ്ചേരിയില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെത്തി കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

ജനുവരി 2ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

Top