തിവാരിയുടെ കൊലപാതകം;കുത്തിയത് 15 തവണ, മുഖത്ത് വെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലഖ്‌നൗ: കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തില്‍ 15 തവണ കുത്തിയതായും മുഖത്ത് വെടിവെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ പറയുന്നു.

കഴുത്തില്‍ ആഴത്തിലുള്ള മുറിപ്പാടുകളുണ്ടെന്നും കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഭാഗമായാണിതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്. തലയോട്ടിക്ക് പിറകില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്. എന്നാല്‍ ഇത് മുഖത്തിന്റെ ഇടത് വശത്തു നിന്നുമുണ്ടായ ആക്രമണമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുര്‍ഷിദാബാദിലെ വസതിക്ക് സമീപത്ത്‌വച്ച് കമലേഷ് തിവാരി വെടിയേറ്റ്മരിച്ചത്. കാവി വസ്ത്രധാരികളായ പ്രതികളില്‍ ഒരാള്‍ ഒരു പെട്ടി മധുര പലഹാരങ്ങള്‍ നല്‍കാനെന്ന വ്യാജേനെ തിവാരിയുടെ വസതിക്ക് സമീപത്തെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഓഫീസില്‍ കടന്ന ശേഷം പെട്ടിയില്‍ നിന്ന് തോക്കെടുത്ത് തിവാരിക്ക് നേരെ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു. കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയിലായിരുന്നു. അഷ്ഫാഖ്, മൊയ്‌നുദീന്‍ പതാന്‍ എന്നിവരാണ് പിടിയിലായത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് രണ്ടുപേരെയും തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

Top