കമലേഷ് തിവാരിയുടെ കൊലപാതകം: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അമ്മ

ന്യൂഡല്‍ഹി: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് അമ്മ കുസും തിവാരി. ‘പ്രതികളെ അറസ്റ്റ് ചെയ്തതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അവരെയെല്ലാം തൂക്കിലേറ്റണം. സര്‍ക്കാരിന്റെ നടപടിയില്‍ ഞാന്‍ സംതൃപ്തയാണ്’- കുസും തിവാരി പറഞ്ഞു.

കഴിഞ്ഞ ദിവസം തീവ്രവാദവിരുദ്ധ സേന തിവാരിയുടെ കൊലപാതകത്തിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യവുമായി കുസും തിവാരി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നുമാണ് മുഖ്യപ്രതികളായ അഷ്ഫാഖ്, മൊയ്‌നുദീന്‍ പതാന്‍ എന്നിവര്‍ പിടിയിലായത്. കമലേഷ് തിവാരി കൊല്ലപ്പെട്ട ഖുര്‍ഷിദ് ബാദിലെ ഹിന്ദു സമാജ് ഓഫീസില്‍ നിന്ന് ലഭിച്ച മധുരപ്പൊതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം, തിവാരിയുടെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയം തിവാരിക്ക് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്നും ഭാര്യ കിരണ്‍ തിവാരി ആവശ്യപ്പെട്ടിരുന്നു.

Top