ഓണ്‍ലൈന്‍ തട്ടിപ്പില്‍ ‘ബൗൾഡ് ആയ്’ വിനോദ് കാംബ്ലി; നഷ്ടമായത് 1.14 ലക്ഷം

മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് 1.14 ലക്ഷം രൂപ നഷ്ടമായി. എങ്കിലും ബാദ്ര പോലീസിന്റെ സഹായത്തോടെ നഷ്ടമായ തുക താരത്തിന് തിരികെ ലഭിക്കുകയും ചെയ്തു. കെ.വൈ.സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് പറഞ്ഞ് ബാങ്ക് എക്‌സിക്യുട്ടീവ് എന്ന വ്യാജേന കാംബ്ലിയ സമീപിച്ച ഒരാളാണ് തട്ടിപ്പ് നടത്തിയത്.

ഫോണില്‍ ബന്ധപ്പെട്ട ഇയാള്‍ക്ക് കാംബ്ലി തന്റെ കെ.വൈ.സി വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഫോണില്‍ ബന്ധപ്പെട്ടയാള്‍ പറഞ്ഞതനുസരിച്ച് ‘എനി  ഡെസ്‌ക്’ എന്ന ആപ്ലിക്കേഷന്‍ താരം ഡൗണ്‍ലോഡ് ചെയ്തു. ഇതോടെ തട്ടിപ്പുകാരന് കാംബ്ലിയുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കുകയായിരുന്നു. പിന്നാലെ 1.14 ലക്ഷം രൂപ വിവിധ തവണകളായി ഇയാള്‍ പിന്‍വലിച്ചു.

ഒടുവില്‍, വിളിക്കുന്നയാളിന്റെ കാര്യത്തില്‍ സംശയം തോന്നിയ കാംബ്ലി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. പിന്നാലെ ബാദ്ര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ബാദ്ര പോലീസിന്റെ സൈബര്‍ ടീമിന്റെ ഇടപെടലിനെ തുടര്‍ന്ന് താരത്തിന് നഷ്ടമായ പണം തിരികെ ലഭിക്കുകയായിരുന്നു.

Top