കമ്പകക്കാനം കൂട്ടക്കൊലക്കേസ്; മുഖ്യപ്രതി അനീഷ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയെന്ന്

തൊടുപുഴ: ഇടുക്കി കമ്പകക്കാനം കൂട്ടക്കൊല കേസിലെ മുഖ്യപ്രതി അമീഷ് നിരവധി സാമ്പത്തികത്തട്ടിപ്പുകേസുകളിലെ പ്രതിയെന്ന് പൊലീസ്. മരിച്ച കൃഷ്ണനൊപ്പം ഇയാള്‍ മന്ത്രവാദത്തിനായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പോയിരുന്നെന്നും പൊലീസ് കണ്ടെത്തി.

കേസില്‍ കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് നേതാവ് ഷിബുവും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേര്‍ക്കും കൊല്ലപ്പെട്ട കൃഷ്ണനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും പൊലീസിന് സൂചന ലഭിച്ചു.

ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീടിനു പിന്നിലുള്ള കുഴിയില്‍ നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

Top