ഗെയിം ഓഫ് ത്രോണ്‍സിലൂടെ ശ്രദ്ധേയായ നടി ഇന്ദിര വര്‍മ്മയ്ക്ക് കൊറോണ

ലണ്ടന്‍: വിഖ്യാത സീരീസ് ആയ ഗെയിം ഓഫ് ത്രോണ്‍സ്, കാമസൂത്ര എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയായ നടി ഇന്ദിര വര്‍മ്മയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഗെയിം ഓഫ് ത്രോണ്‍സിലെ ഇന്ദിരയുടെ സഹതാരം ക്രിസ്റ്റഫര്‍ ഹിവ്ജുവിന് രണ്ട് ദിവസം മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇന്ദിര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ വിശ്രമത്തിലാണെന്നും ഇത് അത്ര സുഖകരമായ അവസ്ഥയല്ലെന്നും ഇന്ദിര ഇന്‍സ്റ്റയില്‍ കുറിച്ചു.

സുരക്ഷിതമായും ആരോഗ്യത്തോടെയും ഇരിക്കാനും ഒപ്പമുള്ളവരോട് കരുണയുണ്ടാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആന്റോണ്‍ ചെക്കോവിന്റെ ദി സീഗള്‍ എന്ന തീയറ്റര്‍ ഷോയുടെ റിഹേഴ്സല്‍ മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്ദിരയ്ക്ക് രോഗം സ്ഥിരീകരിച്ചത്. എമിലിയ ക്ലാര്‍ക്കിന് ഒപ്പമുള്ള ഈ തീയറ്റര്‍ ഷോയും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മീര നായര്‍ സംവിധാനം ചെയ്ത് കാമസൂത്ര സിനിമയിലൂടെയാണ് നാല്‍പ്പത്തിയാറുകാരിയായ ഇന്ദിര ശ്രദ്ധിക്കപ്പെടുന്നത്.

Top