‘നിരീക്ഷണത്തിലുള്ള ആള്‍’ ; കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് ?

നടന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയിലും മക്കള്‍ നീതി മയ്യം ഓഫീസിലും ക്വാറന്റൈന്‍ നോട്ടീസ് പതിച്ച് വെട്ടിലായി ആരോഗ്യവകുപ്പ്. കമലിന്റെ മകള്‍ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്തു ദിവസം മുമ്പാണ് മടങ്ങി വന്നത്. ഇതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചത് എന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വിശദീകരിച്ചു.

ശ്രുതി ഹാസന്റെ പാസ്‌പോര്‍ട്ട് വിലാസം ചെന്നൈയാണ്. അതുകൊണ്ടാണ് വീഴ്ച സംഭവിച്ചത് എന്നും ചെന്നൈ കോര്‍പറേഷന്‍ വ്യക്തമാക്കി. എന്നാല്‍ ശ്രുതി ചെന്നൈയിലല്ലെന്നും മുംബൈയിലെ വസതിയിലാണെന്നും അറിഞ്ഞതോടെ സ്റ്റിക്കര്‍ നീക്കം ചെയ്യുകയും ചെയ്തു.

‘നിരീക്ഷണത്തിലുള്ള ആള്‍’ എന്നാണ് നടന്‍ കമലഹാസന്റെ വീടിനു മുന്നില്‍ ചെന്നൈ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നോട്ടീസ് പതിച്ചിരുന്നത്.

സംഭവം വാര്‍ത്തയായതോടെ താന്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്നത് തെറ്റായി പ്രചരണമാണെന്ന വിശദീകരിച്ച് കമല്‍ഹാസന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ സാമൂഹിക അകലം പാലിച്ചു കഴിയുകയാണെന്നും അതു നിങ്ങളും പാലിക്കണമെന്നും വ്യജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top