കമല മില്‍സ് തീപിടുത്തം: വണ്‍ വണ്‍ എബൗ പബ്ബിന്റെ ഉടമകള്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ കമല മില്‍സ് തീപിടിത്തത്തില്‍ വണ്‍ എബൗ പബ്ബിന്റെ രണ്ട് ഉടമകളെ അറസ്റ്റ് ചെയ്തു. കൃപേഷ് സാങ്വി, ജിഗര്‍ സാങ്വിയുമാണ് അറസ്റ്റിലായത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. രണ്ടാഴ്ചയോളമായി ഇരുവരും ഒളിവിലായിരുന്നു.

കൃപേഷ് സാങ്വി, ജിഗര്‍ സാങ്വി, അഭിജീത് മാങ്കര്‍ എന്നിവരാണ് പബ്ബിന്റെ പാര്‍ട്‌നര്‍മാര്‍. ഇവരില്‍ അഭിജീത് മാങ്കര്‍ ഇപ്പോഴും ഒളിവിലാണ്. മനൂപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ, അഭിജീതിന് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കിയ വിശാല്‍ കാര്യ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ പൊലീസ് ആദ്യം വണ്‍ എബൗ പബ്ബിന്റെ ഉടമസ്ഥര്‍ക്കെതിരെ മാത്രമായിരുന്നു കേസ് രജിസ്റ്റര്‍ െചയ്തത്. എന്നാല്‍ പിന്നീട് മോജോ ബിസ്‌ട്രോ പബ്ബിന്റെ ഉടമകളുടെ പേരും ചേര്‍ക്കുകയായിരുന്നു. മോജോ ബിസ്‌ട്രോയില്‍ നിന്ന് തീപടര്‍ന്ന് വണ്‍ എബൗയിലേക്കും തുടര്‍ന്ന് കമല മില്‍സ് കെട്ടിടത്തിലേക്കും വ്യാപിക്കുകയായിരുന്നു.

അതേസമയം, തീപിടിത്തത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുംബൈ പൊലീസ് കമ്മീഷണര്‍, മേയര്‍ എന്നവര്‍ക്ക് പബ്ബിന്റെ ഉടമസ്ഥര്‍ കത്തെഴുതിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top