മുംബൈ കമലാ മില്‍സ് തീപിടിത്തം ; പബ്ബ് മാനേജര്‍മാര്‍ അറസ്റ്റില്‍

arrest

മുബൈ: മുംബൈയിലെ കമലാ മില്‍സ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍ സ്ഥിതി ചെയ്തിരുന്ന വണ്‍ എബോവ് എന്ന പബ്ബിന്റെ മാനേജര്‍മാരായ കെവിന്‍ ബാവ, നില്‍സണ്‍ ലോപ്പസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലപാതകം, മന:പൂര്‍വമുള്ള നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

തീപിടിത്തം ആരംഭിച്ചത് വണ്‍ എബോവ് പബ്ബില്‍ നിന്നായിരുന്നു. എന്നാല്‍ പബ്ബ് മുതലാളിമാരുടെ സ്വാധീനത്തില്‍ കുറ്റം കെട്ടിടത്തിലെ മറ്റൊരു സ്ഥാപനമായ മോജോ ബ്രിസ്‌റ്റോ റെസ്റ്റോറന്റിന്റെ പേരില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നിരുന്നു. അപകടത്തില്‍പ്പെട്ടവരുടെ മൊഴിയിലും തീപിടിത്തം ആരംഭിച്ചത് പബ്ബിലാണെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനേജര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 29നാണ് മുംബൈ സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. തീപിടുത്തതില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുംബൈയിലെ ലോവര്‍ പാരലിലുള്ള പ്രധാന വ്യാപാര കേന്ദ്രമായ കമല മില്‍സ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.

കെട്ടിടത്തിലെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മോജോ ബ്രിസ്‌റ്റോ റെസ്റ്റോറന്റില്‍ രാത്രി വൈകിയും ഖുഷ്ബുവെന്ന യുവതിയുടെ ജന്മദിനാഘോഷ പാര്‍ട്ടി നടന്നിരുന്നു. ഇതിനിടയിലാണ് തീ പിടിച്ചതും ദുരന്തം സംഭവിച്ചതും. തീയണയ്ക്കുന്നതിന് ഫയര്‍ എക്‌സ്റ്റിന്‍ഗ്യൂഷറുകളോ അപകടമുണ്ടാകുമ്പോള്‍ പുറത്ത് കടക്കാന്‍ അടിയന്തര വാതിലുകളോ കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട സര്‍ക്കാര്‍ ഏജന്‍സികളും തികഞ്ഞ അനാസ്ഥയിലാണെന്നും ഖുഷ്ബുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അപകടമുണ്ടായ കെട്ടിടത്തില്‍ നിയമലംഘനം നടക്കുന്നുവെന്ന് കാട്ടി നിരവധി തവണ നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലം പരിശോധിച്ച അധികൃതര്‍ നിയമലംഘനമില്ലെന്ന് കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം. അപകടമുണ്ടായ സ്ഥലത്ത് വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

സംഭവത്തില്‍ വിദശമായ അന്വേഷണം വേണമെന്ന് ശിവസേന അടക്കമുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top