യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നു: അമേരിക്ക

ന്യൂയോര്‍ക്ക്: സപ്രോഷ്യക്ക് പിന്നാലെ യുക്രൈനിലെ മറ്റൊരു ആണവനിലയം കൂടി റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് അമേരിക്ക. യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ രക്ഷാസമിതി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്.

യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ന്‍സ്‌ക് റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യന്‍ സൈന്യം നിലയത്തിന്റെ 20 മൈല്‍ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നുമാണ് അമേരിക്ക വ്യക്തമാക്കുന്നത്. റഷ്യയുടെ നീക്കം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അടുത്ത ആഴ്ച്ച യൂറോപ്പ് സന്ദര്‍ശിക്കും. പോളണ്ടും റൊമാനിയയും സന്ദര്‍ശിക്കാനാണ് തീരുമാനം. മാര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെയായിരിക്കും കമല ഹാരിസിന്റെ സന്ദര്‍ശനം. റഷ്യ യുക്രൈന്‍ യുദ്ധം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തലവന്മാരുമായി കമല ഹാരിസ് ചര്‍ച്ചകള്‍ നടത്തും.

യുദ്ധമുഖത്ത് നിന്ന് പോളണ്ടിലേക്കും റൊമാനിയയിലേക്കും യുക്രൈന്‍ ജനത അഭയം തേടുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളെയും എങ്ങനെ അമേരിക്കയ്ക്ക് സഹായിക്കാനാവും എന്നതും ചര്‍ച്ചയാവും. നാറ്റോ സഖ്യത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതും നാറ്റോയുടെ യൂറോപ്പിലെ കിഴക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ വ്യക്തമാക്കുന്നതും ആയിരിക്കും കമല ഹാരിസിന്റെ സന്ദര്‍ശനമെന്ന വൈറ്റ് ഹൗസ് അറിയിച്ചു.

 

Top