പാകിസ്താന്റെ ഭീകരവാദം ശരിവെച്ച് യുഎസും; ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാട്ടി കമലാ ഹാരിസ്

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്റെ തീവ്രവാദ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വ്യാഴാഴ്ച നടന്ന കമല-മോദി കൂടിക്കാഴ്ചയിലാണ് ഇക്കാര്യവും ചര്‍ച്ചയില്‍ വന്നത്.

പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, യു.എസിനും ഇന്ത്യക്കും സുരക്ഷാഭീഷണി സൃഷ്ടിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്താനോട് കമല ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോട് കമല യോജിക്കുകയും ചെയ്തു.

ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ വന്നപ്പോള്‍, അതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് കമല സ്വമേധയാ പരാമര്‍ശിക്കുകയായിരുന്നെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷൃങ്ല അറിയിച്ചു. ഇന്ത്യയുടെയും യു.എസിന്റെയും സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കമല പാകിസ്താനോടു ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്വാഡ് രാഷ്ട്രനേതാക്കളായ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായും മോദി ചര്‍ച്ചനടത്തി. ഇന്ത്യയിലെ അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അഞ്ച് വന്‍കിട കമ്പനികളുടെ സി. ഇ.ഒ.മാരുമായും സംവാദം നടന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ബൈഡന്‍ അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുക. അഫ്ഗാന്‍ വിഷയത്തിനു പുറമെ കോവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക സൈനിക മേഖലകളിലെ സഹകരണം തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചര്‍ച്ചയാകുക. അമേരിക്ക, ആസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും മോദി ഇന്ന് പങ്കെടുക്കും.

Top