മധ്യപ്രദേശിലെ വില്ലന്‍മാരും ഇവര്‍ ! കോണ്‍ഗ്രസ്സിന്റെ അടിവേര് ഇളക്കി

കൊറോണ കാലത്തു പോലും രാഷ്ട്രീയ കുതിരക്കച്ചവടമാണിപ്പോള്‍ രാജ്യത്ത് പൊടിപൊടിക്കുന്നത്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി കമല്‍ നാഥ് രാജിവച്ചുകഴിഞ്ഞു.

രാജി വയ്ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതമായി എന്നതാണ് യാഥാര്‍ത്ഥ്യം. വിശ്വാസ വോട്ടെടുപ്പിന് മുന്‍പുള്ള ഈ നീക്കം രാഷ്ട്രീയ ഇന്ത്യയും പ്രതീക്ഷിച്ചിരുന്നതാണ്.

ജോതിരാദിത്യ സിന്ധ്യ കാവി പുതച്ചപ്പോള്‍ തന്നെ, കമല്‍നാഥ് സര്‍ക്കാറിന്റെ മരണമണിയും മുഴങ്ങിയതാണ്. ഈ യുവ നേതാവിനൊപ്പം കൂറ് മാറിയവരാണ് കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പതനത്തിനിപ്പോള്‍ വഴിമരുന്നിട്ടിരിക്കുന്നത്.

മുന്‍പ് കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും എല്ലാം അരങ്ങേറിയ റിസോര്‍ട്ട് രാഷ്ട്രീയം തന്നെയാണ്, മധ്യപ്രദേശിലും ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നത്.

കോടിക്കണക്കിന് രൂപ മുടക്കിയാണ് ബി.ജെ.പി തന്റെ എം.എല്‍.എമാരെ രാജി വയ്പ്പിച്ചതെന്നാണ് കമല്‍നാഥ് ആരോപിക്കുന്നത്. കോണ്‍ഗ്രസ്സ് സ്വയം പരിശോധിക്കേണ്ട വസ്തുതയാണിത്.

പദവിയും പണവും നല്‍കിയാല്‍ ആര്‍ക്കും വിലക്കെടുക്കാവുന്ന ഒരു വസ്തുവായി ഇന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ മാറി കഴിഞ്ഞു.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് സര്‍ക്കാര്‍ വീണതും ഈ ആര്‍ത്തി മൂലമാണ്.

പണം വാങ്ങി സീറ്റുകള്‍ നല്‍കുമ്പോള്‍ ഓര്‍ക്കണമായിരുന്നു, അത് മുതലാക്കാനും ശ്രമം നടക്കുമെന്ന യാഥാര്‍ത്ഥ്യവും.

അതാണിപ്പോള്‍ മധ്യപ്രദേശിലും സംഭവിച്ചിരിക്കുന്നത്. പാര്‍ട്ടിയോടല്ല, പണത്തോടാണ് കോണ്‍ഗ്രസ്സിലെ മിക്ക ജനപ്രതിനിധികള്‍ക്കും കടപ്പാടുള്ളത്.

ഒരു കേഡര്‍ പാര്‍ട്ടിയല്ല എന്നതും, അച്ചടക്കമില്ലായ്മയുമാണ് ഇത്തരം ആളുകള്‍ക്ക് വളമായിരിക്കുന്നത്.

അതു കൊണ്ട് തന്നെയാണ് ആര്‍ക്ക് വേണമെങ്കിലും പിളര്‍ത്താന്‍ പറ്റുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് ഇപ്പോഴും തുടര്‍ന്ന് പോകുന്നത്.

ദേശീയ തലത്തില്‍ പോലും നാഥനില്ലാത്ത അവസ്ഥയാണ് നിലവില്‍ കോണ്‍ഗ്രസ്സിനുള്ളത്.

സോണിയ ഗാന്ധി ഒരു റബ്ബര്‍ സ്റ്റാംപ് പോലെയാണ് അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അവരുടെ സെക്രട്ടറി അഹമ്മദ് പട്ടേലാണ്.

ഈ പട്ടേലും, എ കെ ആന്റണിയും ചേര്‍ന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനും ചരടുവലിച്ചിരുന്നത്.

ജോതിരാദിത്യ സിന്ധ്യ എന്ന യുവ നേതാവിനെ വെട്ടിനിരത്തിയായിരുന്നു ഈ സ്ഥാനാരോഹണം.

മുഖ്യമന്ത്രി പദം മാത്രമല്ല, പി.സി.സി അദ്ധ്യക്ഷ പദവും സിന്ധ്യക്കു നല്‍കാന്‍ കമല്‍നാഥ് അനുവദിച്ചിരുന്നില്ല. ഒടുവില്‍ ഒഴിവുവന്ന രാജ്യസഭ സീറ്റും കമല്‍നാഥ് ഇടപെട്ട് നിഷേധിക്കുകയുണ്ടായി. ഹൈക്കമാന്റിനും മീതെ സൂപ്പര്‍ പവറായാണ് കമല്‍നാഥ് മുന്നോട്ട് പോയിരുന്നത്. ഇതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ ഈ രാജി.

തോല്‍വി മുന്നില്‍ കണ്ടുള്ള ഒരു കീഴടങ്ങലാണിത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു കഴിഞ്ഞു.

ഇനി പന്ത് ബി.ജെ.പിയുടെ ക്വാര്‍ട്ടിലാണ്. മധ്യപ്രദേശില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബി.ജെ.പി ഭരണത്തിലേക്കാണ് ഈ സംസ്ഥാനമിപ്പോള്‍ പോകുന്നത്. സിന്ധ്യയെ കേന്ദ്ര മന്ത്രിയാക്കാനും കാവിപ്പട തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ നേതാക്കളെ തന്റെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളാണ് സിന്ധ്യ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

മധ്യപ്രദേശ് കോണ്‍ഗ്രസ്സിന്റെ അടിവേരാണ് ഈ യുവ നേതാവിപ്പോള്‍ തകര്‍ത്തിരിക്കുന്നത്. ഒരു തിരിച്ചുവരവ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഇനി അത്ര എളുപ്പമല്ല.

രാജസ്ഥാനിലെ സ്ഥിതിയും അതീവ സങ്കീര്‍ണ്ണമാണ്. ഇവിടെ മുഖ്യമന്ത്രി അശോക് ഖെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലാണ് കൊമ്പ് കോര്‍ക്കല്‍.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാതെ, ഗൊ ലോട്ടിനെ പിന്തുണച്ചതും എ.കെ ആന്റണി – പട്ടേല്‍ സഖ്യമാണ്. എല്ലാറ്റിനും സോണിയയുടെ പിന്തുണയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയാവട്ടെ ഇക്കാര്യത്തിലും നിസഹായനായിരുന്നു.

ഒപ്പമുള്ള സുഹൃത്തുക്കള്‍ക്ക് പോലും അര്‍ഹമായ സ്ഥാനം നല്‍കാന്‍ കഴിയാത്ത ഗതികേടാണിത്.

സച്ചിന്‍ ഉടക്കിയാല്‍ രാജസ്ഥാനും കോണ്‍ഗ്രസ്സിന്റെ കയ്യില്‍ നിന്നും ഇനി പോകും. സച്ചിന്‍ പൈലറ്റിന്റെ സുഹൃത്തുകൂടിയായ സിന്ധ്യയെ മുന്‍നിര്‍ത്തി ഇവിടെയും കളിക്കാനാണ് ബി.ജെ.പിയുടെ മാസ്റ്റര്‍ പ്ലാന്‍.

കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന ആര്‍.എസ്.എസ് അജണ്ടയാണ് ബി.ജെ.പി ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാന്‍ കൂടി വീണാല്‍, കോണ്‍ഗ്രസ്സിനും പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുമൊത്തുള്ള കൂട്ടുകെട്ടും ഉലച്ചിലിലാണ്. ഏത് നിമിഷവും പൊട്ടിത്തെറി ഇവിടെയും പ്രതീക്ഷിക്കാവുന്നതാണ്.

ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബീഹാര്‍, ബംഗാള്‍, കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലും, കോണ്‍ഗ്രസ്സിന്റെ നില ഏറെ പരുങ്ങലിലാണ്.

ബിഹാറില്‍ ആര്‍.ജെ.ഡി – കോണ്‍ഗ്രസ്സ് സഖ്യത്തില്‍ തന്നെ രൂക്ഷമായ ഭിന്നതയാണുള്ളത്. ബംഗാളിലും സ്ഥിതി അതി ദയനീയമാണ്. തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ഡി.എം.കെയും കലിപ്പിലാണുളളത്. ഇവിടെ ഏതാനും സീറ്റുകളില്‍ വിജയിക്കണമെങ്കില്‍ തന്നെ ഡി.എം.കെ കനിയണം.

കോണ്‍ഗ്രസ്സ് ഭരണ പ്രതീക്ഷ പുലര്‍ത്തുന്ന പ്രധാന സംസ്ഥാനം നമ്മുടെ കേരളമാണ്. ഇവിടെയാകട്ടെ ഇടതുപക്ഷം കുടുതല്‍ ശക്തവുമാണ്.

നിപ്പയെയും പ്രളയത്തെയും നേരിട്ട പിണറായി സര്‍ക്കാര്‍ കൊറോണയിലും മികച്ച പ്രതിരോധമാണ് കാഴ്ചവയ്ക്കുന്നത്.

ലോകത്തിന് മാതൃകയായ പ്രവര്‍ത്തനമാണിത്. ഉയര്‍ന്നു വരുന്ന ഈ ജനപിന്തുണ വോട്ടായാല്‍ 2021 ലും കോണ്‍ഗ്രസ്സിന് ഗാലറിയിലിരിക്കേണ്ടി വരും.

ഈ പരിഭ്രാന്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുഖത്തും ഇപ്പോള്‍ പ്രകടമാണ്.

ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഫലപ്രദമായ ഒരു സമരം നടത്താന്‍ പോലും പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പിണറായി സര്‍ക്കാര്‍ ആകട്ടെ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതിനിടെ വഴിതെറ്റി വന്ന ‘മഹാമാരി’യേയും അതിജീവിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇക്കാര്യത്തില്‍ അസഹിഷ്ണുത പൂണ്ട് ചെന്നിത്തല നടത്തിയ അഭിപ്രായ പ്രകടനവും ഇപ്പോള്‍ തിരിച്ചടിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ് ചെന്നിത്തല ആരോപിച്ചിരുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും ചെന്നിത്തലയുടെ നിലപാടിനെതിരെ രംഗത്തു വരുന്ന സാഹചര്യവുമുണ്ടായി.

അപ്രതീക്ഷിതമായി പിണറായി സര്‍ക്കാറിന് ലഭിക്കുന്ന, ഈ ജനപിന്തുണയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും വലിയ ആശങ്കയിലാണ്.

പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയാണുണ്ടായത്.

പിണറായി സര്‍ക്കാറുമായി ചേര്‍ന്നുള്ള പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറിയതാണ് ഇക്കാര്യത്തില്‍ വിനയായിരുന്നത്.

80 ലക്ഷത്തോളം ജനങ്ങളെ ഇറക്കി, ഇടതുപക്ഷം തീര്‍ത്ത മനുഷ്യ ശൃംഖല കണ്ട് അന്തം വിട്ട് നോക്കിനില്‍ക്കാന്‍ മാത്രമേ യു.ഡി.എഫ് നേതാക്കള്‍ക്ക് കഴിഞ്ഞിരുന്നൊള്ളു.

രാജ്യത്ത് സി.എ.എക്ക് എതിരെ നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തുണച്ച ന്യൂനപക്ഷ പിന്തുണയിലാണ് ഇതോടെ ചോര്‍ച്ച വന്നിരിക്കുന്നത്. വയനാട്ടിലെ രാഹുല്‍ എഫക്ട് 2021ല്‍ തുണയ്ക്കില്ലെന്നും വ്യക്തം. രാഹുല്‍ തന്നെ ഇപ്പോള്‍ ഗതികിട്ടാത്ത അവസ്ഥയില്‍ അലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കോട്ടകളായ വട്ടിയൂര്‍ക്കാവിലും , കോന്നിയിലും പാറിയതും ചെങ്കൊടിയാണ്. യു.ഡി.എഫ് കുത്തക മണ്ഡലമായ പാലായും ഇടതുപക്ഷം പിടിച്ചെടുക്കുകയുണ്ടായി. ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് കുട്ടനാട്ടിലും, ചവറയിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പും അകലെയല്ല. ഇവിടെയും ഇടതുപക്ഷം വിജയം ആവര്‍ത്തിച്ചാല്‍ യു.ഡി.എഫ് സംവിധാനം തന്നെയാണ് തരിപ്പണമാകുക.

Political Reporter

Top