ഭോപ്പാൽ ; ഇതര സംസ്ഥാനക്കാര്‍ക്കെതിരെയുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇതര സംസ്ഥാനക്കാര്‍ മൂലം തദ്ദേശീയര്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്ന പ്രസ്താവനക്കെതിരെ ബി.ജെ.പി, എസ്.പി നേതാക്കള്‍ രംഗത്തുവന്നു. മഹാരാഷ്ട്രയില്‍ ശിവസേന ഉയര്‍ത്തിയ മണ്ണിന്റെ മക്കള്‍വാദത്തിന് സമാനമാണ് കമല്‍നാഥിന്റെ വാക്കുകളെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് കമല്‍നാഥ് ഈ പരാമര്‍ശം നടത്തിയത്. വ്യവസായ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ 70 ശതമാനം തൊഴിലവസരങ്ങളെങ്കിലും തദ്ദേശീയര്‍ക്ക് നല്‍കുന്ന കമ്പനികള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരാവുക. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനക്കാരുടെ കടന്നുവരവ് മൂലം തദ്ദേശീയര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുവെന്നും കമല്‍നാഥ് പറഞ്ഞു.
മുന്‍പ് ഉത്തരേന്ത്യക്കാരെ ആട്ടിയോടിച്ച ശിവസേനയുടെ സ്വരമാണിതെന്നും തീരുമാനം തിരുത്തണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഇന്ത്യയിലെവിടെയും ജോലിചെയ്യാനുള്ള അവകാശമുണ്ട്. നമ്മളെല്ലാം ഇന്ത്യക്കാരാണെന്നും അഖിലേഷ് അറിയിച്ചു.
എന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമായ മധ്യപ്രദേശില്‍ തദ്ദേശീയര്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ മാത്രമേ ഉദ്ദേശിച്ചുള്ളൂവെന്നും തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇതെന്നുമാണ് കോണ്‍ഗ്രസ് വിശദീകരണം.