ലോക്സഭാ വോട്ടെടുപ്പില്‍ പ്രവര്‍ത്തിച്ചത് ‘ഹിന്ദുത്വം’; പ്രിയങ്കയും ന്യായും വരാന്‍ വൈകി: കമല്‍നാഥ്

ഭോപാല്‍: ലോക്‌സഭാ തെഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെക്കുറിച്ച് പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. ലോക്സഭാ വോട്ടെടുപ്പില്‍ പ്രവര്‍ത്തിച്ചത് ‘ഹിന്ദുത്വ’യാണെന്നും ഹിന്ദുക്കളായി വോട്ടു ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ മറ്റെല്ലാം മറക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

പ്രചരണ രംഗത്ത് പ്രിയങ്കാ ഗാന്ധി അല്‍പം നേരത്തെ എത്തണമായിരുന്നു. പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളിലേക്ക് കൃത്യമായി എത്തിയിട്ടില്ല. ‘ന്യായ്’ പദ്ധതിയും ജനങ്ങളുടെ മുന്നിലേക്ക് നേരത്തെ അവതരിപ്പിക്കണമായിരുന്നുവെന്ന് കമല്‍നാഥ് പറഞ്ഞു. പ്രചരണ രംഗത്ത് ബി.ജെ.പി ഒരുപാട് പണം ഇറക്കിയെന്നും കമല്‍നാഥ് പറഞ്ഞു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തു മന്ത്രവടി കൊണ്ടാണ് ബി.ജെ.പി ഈ ജയം നേടിയതെന്നു മനസ്സിലാകുന്നില്ല. 2014-ലെ പ്രചാരണത്തില്‍ ബി.ജെ.പിയുടെ മുദ്രാവാക്യം 280 പ്ലസ് എന്നുള്ളതായിരുന്നു. അതവര്‍ നേടി. ഇത്തവണ 300 പ്ലസ് എന്നുള്ളതായിരുന്നു. അതും അവര്‍ നേടി. തെരഞ്ഞെടുപ്പിനു മുന്‍പ് പ്രവചിക്കുന്നത് അതേപടി നടപ്പിലാകുന്നത് എന്ത് മാജിക്ക് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Top