ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി കമൽനാഥിനെ പരിഗണിച്ചേക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥിനെ പരിഗണിച്ചേക്കും. ഇതു സംബന്ധിച്ച് കമൽനാഥിനെ ഹൈക്കമാന്റ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. സ്ഥാനാർഥി നിർണയം സംബന്ധിച്ച് മല്ലികാർജുൻ ഖാർഗെയും, അജയ് മാക്കനും അൽപസമയത്തിനകം സോണിയ ഗാന്ധിയെ കാണും. രാജസ്ഥാനിലെ ജാട്ട് നേതാവും,ഗെഹ്ലോട്ട് പക്ഷക്കാരനുമായ രാമേശ്വർ ദുഡിയും സോണിയ ഗാന്ധിയുടെ വസതിയിലെത്തിയിട്ടുണ്ട്. നിലവിലെ സംഭവ വികാസങ്ങളിൽ കടുത്ത അതൃപ്തിയാണ് ഹൈക്കമാൻഡിന് ഉള്ളത്. രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് കമല്‍നാഥിനെ ഇറക്കി പരിഹാരം കാണാനാകുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയോ, അല്ലെങ്കിൽ ഗെഹ്‍ലോട്ട് നിർദേശിക്കുന്ന ആളെ മുഖ്യമന്ത്രി ആക്കുകയോ വേണമെന്നാണ് ഗെഹ്‍ലോട്ട് പക്ഷത്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്നാണ് ഭീഷണി.

82ലധികം എംഎൽഎമാരുടെ പിന്തുണയാണ് ഗെഹ്ലോട്ടിനുള്ളത്. അതേ സമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നറിയിച്ച് ശശി തരൂർ എം.പി. ഭാരത് ജോഡോ യാത്രക്കിടെ അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം പ്രവർത്തകരും മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽനിന്നും പിന്തുണയുണ്ടാകും. അധ്യക്ഷസ്ഥാനത്തേക്ക് ആർക്കും മത്സരിക്കാം. അത് കോൺഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥികളില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 30ന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top