മധ്യപ്രദേശ് മുഖ്യമന്ത്രിക്കും പ്രധാന ശത്രു സി.പി.എം നേതാവ്, നാടു കടത്താന്‍ നീക്കം

കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കമ്യൂണിസ്റ്റുകള്‍ പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാറുണ്ട്. അത്തരക്കാര്‍ക്ക് മുന്നില്‍ നിരവധി ഉദാഹരണങ്ങളും ഇതിനകം തന്നെ വെളിപ്പെട്ടിട്ടുണ്ട്. ത്രിപുരയുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെയാണ് കാവിയണിഞ്ഞത്. അതില്‍ ജനപ്രതിനിധികളും പെടും. ഏറ്റവും ഒടുവില്‍ നമ്മുടെ ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള ദേശീയ വക്താവും കാവി പാളയത്തില്‍ ചേക്കേറിയിട്ടുണ്ട്. മോദി ഭക്തനായ അബ്ദുള്ളക്കുട്ടിയാവട്ടെ ക്യൂവിലുമാണ്.

ബി.ജെ.പി ആയാലും കോണ്‍ഗ്രസായാലും അവര്‍ എത്ര മാത്രം ചെങ്കൊടിയെ ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണിപ്പോള്‍ മധ്യപ്രദേശ് കാണിച്ചു തരുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ സി.പി.എം നേതാവിനെയാണ് കമല്‍നാഥ് സര്‍ക്കാര്‍ നാടു കടത്തിയിരിക്കുന്നത്. അന്നുപ്പുര്‍ ജില്ലയിലെ ഭൂസമരത്തിന് നേതൃത്വം നല്‍കിയ ജുഗല്‍ കിഷോര്‍ റാത്തോഡാണ് നാടു കടത്തപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ ജുഗല്‍ കിഷോര്‍ അഞ്ച് ജില്ലകളില്‍ പ്രവേശിക്കരുതെന്നാണ് അധികൃതരുടെ ഉത്തരവ്. നിരവധി കള്ള കേസുകളാണ് ഈ സി.പി.എം നേതാവിനെതിരെ ഇതിനായി കോണ്‍ഗ്രസ് ഭരണകൂടം ചുമത്തിയിട്ടുള്ളത്.

മോസര്‍ബെയര്‍ താപ വൈദ്യുത നിലയത്തിനായി കര്‍ഷകരില്‍ നിന്നും പാവങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം സ്ഥലമേറ്റെടുക്കുന്നതിനെതിരെ നിരന്തരം കലഹിച്ച നേതാവാണ് ജുഗല്‍ കിഷോര്‍. മുഖ്യമന്ത്രി കമല്‍നാഥ് മോസര്‍ബെയര്‍ കമ്പനിയുടെ പങ്കാളിയാണെന്ന ആരോപണവും ഇവിടെ ശക്തമാണ്. സാധാരണക്കാരനില്‍ നിന്നും കമ്പനിക്കായി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ നടപടിയെ ചെറുക്കാന്‍ ജുഗല്‍ കിഷോര്‍ ജനങ്ങളെ സംഘടിപ്പിച്ചതാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ അടക്കം തകര്‍ന്നടിഞ്ഞിട്ടും കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ലെന്നതിന്റെ സൂചന കൂടിയാണിത്. ആരാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്- ബി.ജെ.പി സര്‍ക്കാരുകളുടെ ശത്രു എന്ന് ചോദിച്ചാല്‍ അത് കമ്യൂണിസ്റ്റുകള്‍ തന്നെയാണെന്ന് ഉറപ്പിച്ച് പറയേണ്ടി വരും. കുത്തക കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കോണ്‍ഗ്രസ് സംസ്ഥാനം ഭരിച്ചാലും ബി.ജെ.പി കേന്ദ്രം ഭരിച്ചാലും ഒരു പോലെയാണ്. അവരുടെ പേടി സ്വപ്നം അന്നും ഇന്നും ചെങ്കൊടി മാത്രമാണ്.

എം.പിമാരും എം.എല്‍.എമാരും ഒന്നു പോലും ഇല്ലാത്ത സംസ്ഥാനങ്ങളിലും ചുവപ്പ് ഇപ്പോഴും വലിയ മാസ് തന്നെയാണ്. ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുന്ന കാര്യത്തില്‍ ഇവിടങ്ങളില്‍ ചെങ്കൊടി പ്രസ്ഥാനം തന്നെയാണ് മുന്നില്‍. കോര്‍പ്പറേറ്റുകളുടെ പേടിസ്വപ്നമായി ഉത്തരേന്ത്യയില്‍ ചെങ്കൊടി പറക്കുന്നതും ജുഗല്‍ കിഷോറിനെ പോലുള്ള നേതാക്കളുടെ കരുത്തിലാണ്. അവര്‍ക്കിവിടെ പ്രതികരിക്കാന്‍ പാര്‍ലമെന്ററി സ്ഥാനങ്ങളൊന്നും ആവശ്യമില്ല. ഒരു നേതാവിനെ നാടുകടത്തിയാല്‍ തീരുന്നതാണ് ജനകീയ പ്രതിഷേധമെന്ന തെറ്റുധാരണയിലാണ് കമല്‍നാഥ് സര്‍ക്കാര്‍ ഇപ്പോള്‍ ഈ സാഹസം കാട്ടിയിരിക്കുന്നത്. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ മധ്യപ്രദേശില്‍ സമരം തുടരാന്‍ തന്നെയാണ് സി.പി.എം തീരുമാനം.

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ വഴി ഒരുക്കിയത് തന്നെ ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭമായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയതാകട്ടെ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുമാണ്. തെരുവില്‍ അടി കൊണ്ടും കര്‍ഷകരെ അണിനിരത്തിയും കിസാന്‍ സഭ നടത്തിയ പ്രതിഷേധ കൊടുങ്കാറ്റിലാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ബി.ജെ.പി സര്‍ക്കാറുകള്‍ ഉലഞ്ഞത്. ജനകീയ രോഷം ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് എതിരാക്കാന്‍ കിസാന്‍ സഭയുടെ കര്‍ഷക പ്രക്ഷോഭത്തിന് കഴിഞ്ഞിരുന്നു.

ചെങ്കൊടി പ്രതിഷേധ വിത്ത് വിതച്ച മണ്ണില്‍ തെരഞ്ഞെടുപ്പില്‍ വിളവെടുപ്പ് നടത്തിയത് പക്ഷേ കോണ്‍ഗ്രസാണ്. സി പി.എമ്മിന് സംഘടനാപരമായി ഈ രണ്ട് സംസ്ഥാനങ്ങളിലും ഉള്ള പരിമിതിയാണ് കോണ്‍ഗ്രസിന് സഹായകരമായി മാറിയത്. ഖദറില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ഒരു തുള്ളി വിയര്‍പ്പ് പൊടിക്കാതെയാണ് കോണ്‍ഗ്രസ് ഇവിടങ്ങളില്‍ ഭരണം പിടിച്ചിരിക്കുന്നത്.

ചെങ്കൊടി പ്രസ്ഥാനത്തിന്റെ പോര്‍മുഖത്തെ ആ കരുത്ത് ശരിക്കും മനസ്സിലാക്കിയത് കൊണ്ടാണ് കമല്‍നാഥ് സര്‍ക്കാര്‍ നേതാക്കളെ നാടു കടത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. കാവിയുടെ മര്‍ദ്ദനോപകരണങ്ങളെ അതിജീവിച്ചവര്‍ക്ക് പക്ഷേ ഈ നിലപാട് ഇപ്പോള്‍ കൂടുതല്‍ കരുത്താണ് നല്‍കിയിരിക്കുന്നത്. കമല്‍നാഥ് സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ പോരാട്ടം നടത്താനാണ് സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്നത്.

പിറന്നു വീണ മണ്ണ് സംരക്ഷിക്കാന്‍ അതിജീവനത്തിനായി ഒരു ജനത ചെങ്കൊടിയേന്തുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ആ സമരം അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്സഭയില്‍ എങ്ങനെ തകര്‍ന്നടിഞ്ഞു എന്നതിന് ഇപ്പോഴും ഉത്തരം തേടുന്ന രാഹുല്‍ ഗാന്ധി മധ്യപ്രദേശിലേക്ക് ഒന്ന് നോക്കിയാല്‍ ഉത്തരം അവിടെ നിന്നു തന്നെ ഇനി ലഭിക്കും.

സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പാവങ്ങളെ ഇറക്കി വിടുന്ന നേതാക്കള്‍ ഉള്ളടത്തോളം കോണ്‍ഗ്രസിന്റെ ഗതി ഇതു തന്നെയാവും. കേരളത്തില്‍ കാട്ടിയ ചെപ്പടി വിദ്യയൊന്നും ഇനി എവിടെയും വിലപ്പോവില്ല. കാവിക്ക് വീണ്ടും മധ്യപ്രദേശ് പിടിച്ചെടുക്കാനുള്ള സാഹചര്യമാണ് കമല്‍ നാഥ് ഉണ്ടാക്കി കൊടുക്കുന്നത്. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍

Top