മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റില്ല;പകരം അശോക് സിങ്ങ്

ധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്. കമല്‍നാഥും മകന്‍ നകുല്‍നാഥും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സീറ്റ് നിഷേധം. സോണിയാഗാന്ധിയും അജയ് മാക്കനും രേണുകാ ചൗധരിയും ഉള്‍പ്പെടെ 10 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേസമയം കോണ്‍ഗ്രസ് വിട്ടുവന്ന അശോക് ചവാന് ബിജെപിയും മിലിന്ദ് ദേവ്റയ്ക്ക് ശിവസേനയും രാജ്യസഭാ സീറ്റുകള്‍ നല്‍കി.

മധ്യപ്രദേശില്‍ പിസിസി അധ്യക്ഷനായ കമല്‍നാഥും മകല്‍ നകുല്‍ നാഥും ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റും നിഷേധിക്കപ്പെട്ടത്. സംസ്ഥാന നേതൃത്വം നല്‍കിയ ലിസ്റ്റില്‍ കമല്‍നാഥിന്റെ പേരാണുണ്ടായിരുന്നത്. എന്നാല്‍ അശോക് സിങ്ങിനെയാണ് മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥിയായി എഐസിസി പ്രഖ്യാപിച്ചത്. 56 സീറ്റുകളിലേക്ക് നടക്കുന്ന രാജ്യസഭയിലേക്ക് അംഗബലം അനുസരിച്ച് 10 സീറ്റുകളിലേക്ക് മാത്രമാണ് കോണ്‍ഗ്രസിന് വിജയിപ്പിക്കാനാകുക. കര്‍ണാടകയില്‍ നിന്നാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍. അജയ് മാക്കന്‍, ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കും. രേണുക ചൗധരിയും എം അനില്‍ കുമാര്‍ യാദവും തെലങ്കാനയിലും മത്സരിക്കും. സോണിയഗാന്ധി രാജസ്ഥാനില്‍ നിന്നും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കി കഴിഞ്ഞു.

അതേസമയം കോണ്‍ഗ്രസ് വിട്ട് മറുകണ്ടം ചാടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ മുന്‍ധാരണകള്‍ പ്രകാരം കാര്യമായി പരിഗണിക്കുകയാണ് ബിജെപി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലെത്തും. ചവാന് തൊട്ടുമുമ്പായി കോണ്‍ഗ്രസില്‍ നിന്നും ശിവസേന ഷിന്‍ഡേ വിഭഗത്തിലേക്ക് ചേക്കേറിയ മിലിന്ദ് ദേവ്‌റയ്ക്കും രാജ്യസഭാ സീറ്റ് ലഭിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്നും മത്സരിക്കും. ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ മേധ കുല്‍ക്കര്‍ണി, അജിത്ത് ഗോപ്ചഡേ എന്നിവരും ഇടംപിടിച്ചു. അതിനിടെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പി.യിലേക്കുളള പ്രവേശനം.

Top