കമല്‍നാഥിനെതിരായ റെയ്ഡ് ; ബി.ജെ.പിയുടെ അഡ്വാന്‍സ് ട്വീറ്റ് ആയുധമാക്കി കോണ്‍ഗ്രസ്

kamalnath modi

ധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുക്കളുടെയും അനുയായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ തുക ആദായനികുതി വകുപ്പ് പുറത്തുവിടും മുമ്പേ ബി.ജെ.പി ട്വീറ്റ് ചെയ്തത് കോണ്‍ഗ്രസ് ആയുധമാക്കുന്നു.

കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനായി നടത്തിയ റെയ്ഡ് ബി.ജെ.പിയെയും തിരിഞ്ഞു കുത്തുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍.

തിങ്കളാഴ്ച രാത്രി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ തുകയുടെ കണക്ക് പുറത്തുവിടും മുമ്പ് തിങ്കളാഴ്ച രാവിലെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ 281 കോടിയുടെ കണക്കാണ് ട്വീറ്റ് ചെയ്തത്.

”മധ്യപ്രദേശില്‍ ട്രാന്‍സ്ഫര്‍ എക്‌സ്പ്രസ് പാളംതെറ്റി. ആളപായമില്ല, എന്നാല്‍ ഏകദേശം 281 കോടിയുടെ നഷ്ടമുണ്ട്” എന്നായിരുന്നു ട്വീറ്റ്.

ആദായനികുതിവകുപ്പ് പുറത്തുവിടാന്‍ പോകുന്ന കണക്ക് എങ്ങിനെയാണ് ബി.ജെ.പിക്ക് മുന്‍കൂട്ടിലഭിച്ചതെന്ന ചോദ്യവുമായി കമല്‍നാഥിന്റെ മീഡിയ കോ ഓര്‍ഡിനേറ്റര്‍ സുരേന്ദര്‍ സലൂജയും തൊട്ടുപിന്നാലെ രംഗത്തെത്തി.

കമല്‍നാഥിനെ ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളിലെ 52 കേന്ദ്രങ്ങളിലാണ് ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയത്. 300 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത റെയ്ഡില്‍ 14.6 കോടി രൂപ, 252 കുപ്പി മദ്യം, ആയുധങ്ങള്‍, കടുവയുടെ തോല്‍ എന്നിവ പിടിച്ചെടുത്തതായാണ് ആദായ നികുതിവകുപ്പ് പത്രക്കുറിപ്പ് ഇറക്കിയത്. 281 കോടിയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയതായും ഡല്‍ഹിയിലെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്തേക്ക് 20 കോടി രൂപ കൈമാറ്റം ചെയ്തതായും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനെ ഏറെ പ്രതിരോധത്തിലാക്കുന്ന നീക്കമായിരുന്നു ഇത്.

ബി.ജെ.പി കുത്തക അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഭരണം പിടിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 29 ലോക്‌സഭാ സീറ്റുള്ള മധ്യപ്രദേശില്‍ കഴിഞ്ഞ തവണ 24 സീറ്റും ബി.ജെ.പിക്കായിരുന്നു. കോണ്‍ഗ്രസിന് കേവലം നാല് സീറ്റില്‍ ഒതുങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തള്ളി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണയോടെ മധ്യപ്രദേശ് ഭരണം പിടിക്കുകയായിരുന്നു. ഇത്തവണ ഇവിടെ നിന്നും ഭൂരിപക്ഷം സീറ്റും സ്വന്തമാക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. ഈ പ്രതീക്ഷയ്ക്ക് മേലാണ് കളളപ്പണം കരിനിഴല്‍ പടര്‍ത്തിയിരിക്കുന്നത്.

മോഡിക്ക് പ്രധാനമന്ത്രി പദത്തില്‍ രണ്ടാമൂഴം ലഭിക്കണമെങ്കിലും ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും കനിയണം. കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിനെ ആദായനികുതി വകുപ്പ് റെയ്ഡില്‍ കുരുക്കി നിശബ്ദനാക്കിയാല്‍ ബി.ജെ.പിക്ക് മുന്നേറ്റമുറപ്പിക്കാം. ഈ നീക്കം പൊളിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി ജനറല്‍ സെക്രട്ടറിയുടെ അഡ്വാന്‍സ് ട്വീറ്റ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്. ആദായനികുതി വകുപ്പ് റെയ്ഡിലെ രാഷ്ട്രീയക്കളി വിശദീകരിച്ചാണിപ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചരണം പുരോഗമിക്കുന്നത്.

കോണ്‍ഗ്രസ് പ്രചരണത്തിന് ആവേശം പകര്‍ന്ന് രാഹുലും പ്രിയങ്കയും എത്തുമ്പോള്‍ ബി.ജെ.പിയുടെ ആക്രമണത്തിന്റെ കുന്തമുനയായി മോഡിയും അമിത്ഷായും ശക്തമായി രംഗത്തുണ്ട്.

കുടുക്കിയതാണെങ്കിലും കുരുങ്ങിയതാണെങ്കിലും കള്ളപ്പണം മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ അറിവോടെ വ്യാപകമായി ഒഴുകുന്നുണ്ട് എന്നത് വ്യക്തമല്ലേ എന്നാണ് ബി.ജെ.പി പ്രാസംഗികര്‍ ചോദിക്കുന്നത്. കള്ളപ്പണം എവിടെ ശേഖരിച്ചിട്ടുണ്ടെങ്കിലും അത് അറിയിക്കാന്‍ പൊതു സമൂഹത്തോട് അന്വേഷണ ഏജന്‍സികള്‍ തന്നെ പരസ്യത്തിലൂടെ ആവശ്യപ്പെടുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പണം നല്‍കി ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ്സ് നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന് കനത്ത തിരിച്ചടി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കി.

ഇതിനിടെ കോണ്‍ഗ്രസ്സിന് പണം നല്‍കുന്ന ബിസിനസ്സുകാരുടെ വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി ബി.ജെ.പി ശേഖരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. മോദിക്ക് രണ്ടാം ഊഴം ലഭിച്ചാല്‍ ഇത്തരക്കാര്‍ വിവരം അറിയുമെന്നാണ് കാവി പടയുടെ മുന്നറിയിപ്പ്.

Top