ചെമ്പടക്കൊപ്പം സഖ്യമായി തമിഴകത്ത് വിപ്ലവം സൃഷ്ടിക്കാൻ കമൽ ഹാസൻ . .

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമായി മത്സരിക്കാന്‍ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം തയ്യാറെടുക്കുന്നു.

തമിഴകത്തിന്റെ വികസനം മുന്‍ നിര്‍ത്തി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള കക്ഷികളെ അണിനിരത്തിയുള്ള ഒരു സഖ്യമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് കമല്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാന്‍ തീരുമാനിച്ചതായും ഉലകനായകന്‍ വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി തമിഴകത്ത് പുതിയ വാര്‍ത്താ ചാനലും പത്രവും തുടങ്ങാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തീരുമാനിച്ചതിനു പിന്നാലെയാണ് വിശാല സഖ്യ സാധ്യത തുറന്നിട്ട് കമല്‍ രംഗത്ത് വന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയുമായും ഇടതുപക്ഷവുമായും സഹകരിക്കാനുള്ള ആഗ്രഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും കമല്‍ അറിയിച്ചതായാണ് സൂചന. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കമല്‍ ഉടന്‍ ചര്‍ച്ച നടത്തും.

തമിഴകത്ത് വലിയ ശക്തി അല്ലങ്കിലും ശക്തരായ അനവധി കേഡര്‍മാരും ഘടകങ്ങളും സി.പി.എമ്മിനും സി.പി.ഐക്കും ഇവിടെ ഉണ്ട്.മുന്‍പ് കോയമ്പത്തൂര്‍, മധുര ലോകസഭ മണ്ഡലങ്ങളില്‍ നിന്നും നിരവധി തവണ വിജയിച്ച ചരിത്രവും സി.പി.എമ്മിനുണ്ട്.

പുതിയ തലമുറ വോട്ടര്‍മാര്‍ക്കിടയില്‍ കമലിന് സ്വീകാര്യത വര്‍ദ്ധിച്ച് വരുന്നത് നേട്ടമാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശിര്‍വാദം കമലിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന വേദിയില്‍ ഉണ്ടായിരുന്നു.

kamal-hassan-rajani

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആണ് മക്കള്‍ നീതിമയ്യത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത മറ്റൊരു നേതാവ്. കമലുമായി സഹകരിക്കുന്നതിന് തമിഴകത്തെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും അനുകുലമാണ്. കെജരിവാളിന്റെ നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണവര്‍.

39 അംഗങ്ങളാണ് തമിഴകത്ത് നിന്നും ലോകസഭയില്‍ ഉള്ളത്. അതായത് കേന്ദ്രം ആര് ഭരിക്കണമെന്നത് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്ന് വ്യക്തം. രജനിയെ രാഷ്ട്രീയത്തിലിറക്കി ബി.ജെ.പി അണിയറയില്‍ നടത്തുന്ന നീക്കവും ഈ അംഗ സംഖ്യയില്‍ കണ്ണും നട്ടാണ്.

ബി.ജെ.പിയുമായി ഒരു സഹകരണവും ഇല്ലന്ന് രജനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് തന്നെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമെന്ന് ഭയന്നിട്ടാണ്.

എന്നാല്‍ രജനിയുടെ രാഷ്ട്രീയ മോഹത്തിന് അദ്ദേഹത്തിന്റെ തന്നെ ചില പെരുമാറ്റങ്ങള്‍ ഇപ്പോള്‍ തിരിച്ചടി ആയിട്ടുണ്ട്. വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചതും തൂത്തുക്കുടി വെടി വയ്പ് സംബന്ധിച്ചു നടത്തിയ അഭിപ്രായ പ്രകടനവുമാണ് രജനിക്ക് തിരിച്ചടി ആയിട്ടുള്ളത്.

ഭരണപക്ഷമായ അണ്ണാ ഡി.എം.കെയും മുഖ്യ പ്രതിപക്ഷമായ ഡി.എം.കെയും രജനിയുടെയും കമലിന്റെയും രാഷ്ട്രീയ പ്രവേശനത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

രാഷ്ട്രീയവും സിനിമയും ഇടകലര്‍ന്ന തമിഴകത്ത് എം.ജി.രാമചന്ദ്രനും ജയലളിതക്കും ശേഷം വെള്ളിത്തിരയില്‍ നിന്നും ഒരു മുഖ്യമന്ത്രി ഉണ്ടാകരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

അതേസമയം ലോകസഭ തിരഞ്ഞെടുപ്പിനൊപ്പമോ അതല്ലങ്കില്‍ അതിനു ശേഷം ഉടനെയോ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Top