മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: ഇന്ത്യന്‍ 2 ഷൂട്ടിങ്ങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് നടന്‍ കമല്‍ ഹാസന്‍. മരിച്ച മൂന്നുപേരുടെ കുടുംബങ്ങള്‍ക്കുമായാണ് തുക നല്‍കുക.മരിച്ചവരെ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പണം ഒന്നിനും പകരമാവില്ല, അവരുടെയെല്ലാം കുടുംബങ്ങള്‍ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വര്‍ഷം മുന്‍പ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതല്‍ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാന്‍. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നതെല്ലാം ചെയ്യും’, കമല്‍ പറഞ്ഞു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗിനിടെ പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനമൊരുക്കാനായെത്തിച്ച ക്രെയിന്‍ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു.ഹെവി ഡ്യൂട്ടി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രെയിനാണ് മറിഞ്ഞത്. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടന്റ് പൂര്‍ണമായി തകര്‍ന്നു. ഇതിനുള്ളില്‍ കുടുങ്ങിയാണ് സഹ സംവിധായകന്‍ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രന്‍ നിര്‍മാണസഹായി മധു എന്നിവര്‍ മരിച്ചത്.

ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഷൂട്ടിങ് പൂര്‍ത്തിയാക്കി കമല്‍ ഹാസനും സംവിധായകന്‍ ശങ്കറും മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവരും ഉടന്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top