ഇതൊരു പുതിയ തുടക്കത്തിന്റെ ആദ്യ അടയാളം; കോണ്‍ഗ്രസ് ജയത്തെക്കുറിച്ച് കമല്‍ഹാസന്‍

ചെന്നൈ: ഒരു പുതിയ തുടക്കത്തിന്റെ ആദ്യത്തെ അടയാളമാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയെ തോല്‍പിച്ച് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഇപ്പോള്‍ നടന്നത്. ഇത് ജനങ്ങളുടെ വിധിയാണെന്നും ഇതൊരു പുതിയ തുടക്കത്തിന്റെ അടയാളമാണെന്നും കമല്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ജനപ്രീതി നഷ്ടപ്പെട്ടതിന്റെ സൂചനയെന്നായിരുന്നു നടന്‍ രജനീകാന്ത് പ്രതികരിച്ചത്. ബിജെപിക്ക് നേരത്തെ ഉണ്ടായിരുന്ന ജനപിന്തുണ ഇപ്പോള്‍ ഇല്ലെന്നും രജനീകാന്ത് വിശദമാക്കി.

ഡിഎംകെ നേതാവായ എംകെ സ്റ്റാലിനും കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും അഭിനന്ദമറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ”ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ അത്യുജ്ജ്വല പ്രകടനമാണ് നടന്നത്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു” എന്നായിരുന്നു സ്റ്റാലിന്റെ ട്വീറ്റ്. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ അവസാനം കുറിക്കുന്നതാണ് ഈ നിയമസഭാ ഫലമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Top