ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന്…

ചെന്നൈ: 1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണെന്ന് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിലാണ് കമല്‍ഹാസന്റെ പ്രതികരണം. ട്വിറ്ററില്‍ വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ ഹിന്ദിവാദത്തിനെതിരെ ആഞ്ഞടിച്ചത്.

“1950ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോള്‍ അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുമെന്നത് നമുക്ക് നല്‍കിയ ഉറപ്പാണ്. ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനുമൊന്നും ആ ഉറപ്പ് ലംഘിക്കാനാകില്ല. എല്ലാ ഭാഷകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണ്.ജെല്ലിക്കെട്ട് ഒരു പ്രതിഷേധം മാത്രമായിരുന്നു, എല്ലാ ഭാഷകള്‍ക്കുമായുള്ള പോരാട്ടം അതിനേക്കാള്‍ വലുതായിരിക്കും. ഇത്തരമൊരു യുദ്ധം തമിഴ്‌നാടിനോ ഇന്ത്യക്കോ ആവശ്യമില്ല”. കമല്‍ഹാസന്‍ പറഞ്ഞു.

“ഐക്യ ഇന്ത്യക്കായി നിരവധി രാജാക്കന്മാര്‍ അവരുടെ രാജ്യം വിട്ടു നല്‍കി. എന്നാല്‍, ഒരാള്‍ പോലും ഭാഷ വിട്ടു നല്‍കിയിട്ടില്ല. ദേശീയഗാനം ബംഗാളിയില്‍ ആലപിക്കുന്നത് മിക്ക ഇന്ത്യക്കാര്‍ക്കും അഭിമാനത്തോടെയാണ്. എല്ലാ ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും ബഹുമാനം നല്‍കി എഴുതിയതുകൊണ്ടാണ് അത് ദേശീയഗാനമായത്. എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യയെ അടഞ്ഞ ഒന്നാക്കി മാറ്റരുത്. അത്തരം ഇടുങ്ങിയ ചിന്താഗതികള്‍ എല്ലാവര്‍ക്കും ദോഷം ചെയ്യുമെന്നും” കമല്‍ ഹാസന്‍ പറഞ്ഞു.

‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിന് വേണ്ടി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന അമിത്ഷായുടെ ആഹ്വാനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പ്രതിഷേധം ഉയര്‍ന്നിട്ടും ”ഹിന്ദി അജണ്ട’ യില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും പിണറായി പ്രതികരിച്ചു. നിരവധി രാഷ്ട്രീയ നേതാക്കളും അമിത്ഷായുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Top