മമ്മൂട്ടിക്ക് എഴുപത് വയസ്സോ? പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്‍

ലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളുമെല്ലാം മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാറാണ് പതിവ്. ഇപ്പോഴിതാ ഉലക നായകന്‍ കമല്‍ ഹാസന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി എത്തി.

മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോള്‍ താന്‍ വിശ്വസിച്ചില്ല എന്ന് വീഡിയോയില്‍ കമല്‍ഹാസന്‍ പറയുന്നു. തന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്ന് കരുതിയിരുന്നതായും പറഞ്ഞ കമല്‍ഹാസന്‍ അങ്ങനെ കരുതാനുള്ള കാരണമെന്തെന്നും വീഡിയോയില്‍ പറയുന്നു.

‘നമസ്‌കാരം മമ്മൂട്ടി സര്‍,” എന്ന് വിളിച്ചുകൊണ്ടാണ് കമല്‍ഹാസന്റെ വീഡിയോ സന്ദേശം തുടങ്ങുന്നത്. ”മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. കാരണം ഞാന്‍ എന്റെ പ്രായം ഉള്ള… അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റര്‍ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു,” കമല്‍ഹാസന്‍ പറഞ്ഞു.

‘ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാന്‍ വന്നതിന് ശേഷം സിനിമയില്‍ വന്നതുകൊണ്ട് എന്റെ ജൂനിയര്‍ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയില്‍ നോക്കിയാലും എന്റെ വയസ്സോ, അതില്‍ കുറവുള്ളതോ, അതേ തോന്നൂ, പ്രേക്ഷകര്‍ക്കും എനിക്കും” കമല്‍ഹാസന്‍ പറഞ്ഞു.

”ഈ യൗവനം ഈ ഊര്‍ജം എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. ഒരു മുതിര്‍ന്ന പൗരന് മറ്റൊരു മുതിര്‍ന്ന പൗരനില്‍ നിന്ന് എല്ലാ ആശംസകളും. ‘ എന്നു പറഞ്ഞാണ് അദ്ദേഹം മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

 

Top