ആപ്പ് മാതൃക തമിഴ്‌നാട്ടിലും, തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കമല്‍, രജനിയെ കൂടെ നിര്‍ത്തുമോ?

ചെന്നൈ: ഡല്‍ഹിയില്‍ തുടര്‍ഭരണം സാക്ഷ്യമാക്കിയ കെജ്രിവാളിന് ആശംസയറിയിച്ചതിന് പിന്നാലെ തമിഴ്‌നാട്ടിലും ആം ആദ്മി മാതൃകയില്‍ സര്‍ക്കാരുണ്ടാകുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍ രംഗത്ത്.

അതേസമയം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്ന നടന്‍ രജനീകാന്തുമായി സഖ്യം പരിഗണിക്കുമെന്നും എന്നാല്‍ ബിജെപി പിന്തുണ അംഗീകരിക്കില്ലെന്നും കമല്‍ പറഞ്ഞു. രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന വാത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിനൊപ്പം ഒരു മഴവില്‍ സഖ്യസാധ്യത ഉണ്ടെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ബിജെപി പിന്തുണയില്‍, അണ്ണാ ഡിഎംകെയിലെ ഒപിഎസ് പക്ഷത്തെ കൂടി അണിനിരത്തി രജനീകാന്തിന്റെ മഴവില്‍ സഖ്യത്തിനുള്ള ശ്രമം കമല്‍ഹാസന്‍ തള്ളുകയും ചെയ്തിരുന്നു. സഖ്യത്തിന് ബിജെപി പിന്തുണയുണ്ടായാല്‍ അംഗീകരിക്കില്ല എന്നാണ് കമലിന്റെ വാദം.

ബിജെപി നിലപാടുകളുടെ കാര്യത്തില്‍ ഇരു താരങ്ങളും ഇരു ധ്രുവത്തില്‍ നില്‍ക്കുകയാണെന്ന സാധുതയും നിലവിലുണ്ട്. മാത്രമല്ല ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വിവാദമായ സിഎഎയില്‍ പോലും രജനി അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപക പര്യടനത്തിന് ഒരുങ്ങുകയാണ് കമല്‍ഹാസന്‍. 55 ദിവസം നീളുന്ന പര്യടനം ഫെബ്രുവരി 21ന് തുടങ്ങും.

Top