ഏത് ഭാഷയില്‍ സംസാരിക്കണമെന്ന് ശൈലജ ടീച്ചര്‍; ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് കമല്‍

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നേരത്തേയും ഉലകനായകന്‍ കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരോഗ്യമന്ത്രി കെ.കെ ശൈലജയോട് കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെ കുറിച്ച് സംവദിച്ചിരിക്കുകയാണ് താരം. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം താരം തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംഭാഷണം മറ്റുള്ളവരും കാണുന്നുണ്ടോ, ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രി കെ കെ ശൈലജയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.

തുടര്‍ന്ന് കോവിഡ് പശ്ചാത്തലത്തില്‍ കേരളം പല സമയത്ത് സ്വീകരിച്ച കരുതല്‍ നടപടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ എത്തിയ സമയം മുതല്‍ പുലര്‍ത്തിയ ജാഗ്രതയെക്കുറിച്ചും ക്വാറന്റൈന്‍ നടപടികളെക്കുറിച്ചും മന്ത്രി പറഞ്ഞു.

‘മാനവ വികസന സൂചികയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. കോവിഡിന്റെ കാര്യത്തില്‍ മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് സഹായകരമായത്’, മന്ത്രി പറഞ്ഞു.

അതേസമയം, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനുശേഷം നിലവില്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ‘മെയ് വരെ 512 പോസിറ്റീവ് കേസുകളാണ് രേഖപ്പെടുത്തിയത്. മൂന്ന് മരണങ്ങളും സംഭവിച്ചിരുന്നു.

മെയ് 7ന് ശേഷം മറുനാടുകളില്‍ നിന്ന് ഒന്നരലക്ഷത്തോളം മലയാളികള്‍ മടങ്ങിയെത്തിത്തുടങ്ങി. ഈ സമയത്തെ വൈറസ് നിയന്ത്രണം ബുദ്ധിമുട്ടുള്ള ഒന്നാണ്. പലരും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും എത്തുന്നവരാണ്. മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും എത്തിയ പലരും പോസിറ്റീവ് ആയി. രണ്ടാം ഘട്ടത്തില് 550 പോസിറ്റീവ് കേസുകളും രേഖപ്പെടുത്തപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ അഞ്ച് മരണങ്ങള്‍ കൂടി സംഭവിച്ചു’, മന്ത്രി കെ കെ ശൈലജ പറഞ്ഞു. തുടര്‍ന്ന് സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്കണോമിക്‌സ് ആന്‍ഡ് പോളിസ് സ്ഥാപകന്‍ ഡോ: രമണന്‍ ലക്ഷ്മിനാരായണന്‍, സൈക്കാട്രിസ്റ്റ് ഡോ: ശാലിനി എന്നിവരുമായും കമല്‍ ഹാസന്‍ സംവദിച്ചു.

Top