കാട്ടാനയ്ക്ക് നേരെ ടയർ കത്തിച്ചെറിഞ്ഞ സംഭവം; വിമർശനവുമായി കമൽഹാസൻ

kamalhassan

സനഗുഡിയിൽ റിസോർട്ട് ജീവനക്കാർ കാട്ടാനയ്ക്ക് നേരെ ടയർ കത്തിച്ചെറിഞ്ഞ സംഭവത്തിൽ വിമർശനവുമായി കമൽഹാസൻ. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം. പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് നാഗരികതയാണോ എന്നാണ് കമൽ തന്റെ ട്വീറ്റിൽ ചോദിക്കുന്നത്. “വനങ്ങളെ കൊന്ന് രാജ്യങ്ങൾ നിർമ്മിച്ചു. വന്യജീവികളുടെ വിധി മറന്നു. ജീവനോടെ കത്തിക്കുന്ന ശീലം നിങ്ങൾക്ക് എങ്ങനെ ലഭിച്ചു? പിന്തിരിഞ്ഞു പോകുന്ന ആനയെ കത്തിക്കുന്നത് ദേശസ്നേഹമാണോ? മരണം ചുമന്ന് ആന അലയുകയായിരുന്നു. കാലം തല കുനിക്കുന്നു” എന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്.

കഴിഞ്ഞ ദിവസം രാത്രിയിൽ റിസോർട്ടിലേക്ക് എത്തിയ ആനയുടെ നേരെ റിസോർട്ട് ജീവനക്കാർ ടയർ കത്തിച്ചെറിയുകയായിരുന്നു. മസ്തിഷ്‌കത്തിൽ പതിച്ച ടയറുമായി കാട്ടിലേക്കോടിയ ആനയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നീട് ചെരിയുകയും ചെയ്തു. കത്തി കൊണ്ടിരിക്കുന്ന ടയറിൽ നിന്നും തീ ആനയുടെ ചെവിയിലൂടെ മസ്തിഷ്കമാകെ പടർന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കത്തിയെരിഞ്ഞ ടയർ ദേഹത്തൊട്ടിയ നിലയിൽ ആന മണിക്കൂറുകളോളം പ്രദേശത്തെ വനമേഖലയിലൂടെ ഓടിയെന്നും ഇവർ വ്യക്തമാക്കി. സംഭവത്തിൽ മസനഗുഡിയിലെ രണ്ട് റിസോർട്ട് ജീവനക്കാരെ വനംവകുപ്പ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Top