ബി.ജെ.പിക്ക് രജനിയാണ് അനുയോജ്യൻ . . എന്റെ ഹീറോകൾ കമ്യൂണിസ്റ്റു നേതാക്കൾ

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൂടുതല്‍ തുറന്നുപറഞ്ഞ് നടന്‍ കമല്‍ഹാസന്‍ രംഗത്ത്. ഈ വര്‍ഷം അവസാനത്തോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.

രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണ്, രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

രജനീകാന്തിനോട് ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോഴും ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കമല്‍ പറഞ്ഞു.

ഞാന്‍ ജാതീയതയ്‌ക്കെതിരെയാണ്, എന്നാല്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്, എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിനെ സംബന്ധിച്ച് അച്ഛാ ദിന്‍ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളുടെ കാര്യം സംസാരിക്കാന്‍ എനിക്ക് കഴിയില്ല, എന്നാല്‍ അച്ഛേ ദിന്‍ എന്ന് വരുമെന്നും കമല്‍ ചോദ്യം ഉന്നയിച്ചു.

ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും അഴിമതിക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്റെ പാര്‍ട്ടി ഈ രണ്ട് പാര്‍ട്ടികള്‍ക്കും എതിരായിട്ടായിരിക്കും. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഞാന്‍ അങ്ങോട്ട് പോയതല്ല അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയായിരുന്നുവെന്നായിരുന്നു കമലിന്റെ മറുപടി.

അതേ സമയം സി.പി.എം നേതൃത്യത്തിന്റെ നിർദ്ദേശ പ്രകാരമാണ് കമൽ ഹാസൻ സ്വന്തമായ ഒരു പാർട്ടി രൂപീകരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

ഈ മുന്നണിയുടെ ഭാഗമായി സി.പി.എം ഉൾപ്പെടെ പിന്നീട് ചേരാനും രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്ന യുവ സൂഹത്തെയടക്കം കമലിന്റെ കീഴിൽ അണിനിരത്തുവാൻ പുതിയ മുന്നണി സംവിധാനത്തിന് കഴിയുമെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തലത്രെ.

Top