കമൽ ഡിഎംകെ മുന്നണിയിൽ മത്സരിക്കാൻ സാധ്യത ഏറെ, സി.പി.എം നേതൃത്വവുമായി സ്റ്റാലിൻ ചർച്ച നടത്തും

രുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കണമെന്ന വാശിയിലാണ് ഇപ്പോൾ നടൻ കമൽഹാസനുള്ളത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന മണ്ഡലം കോയമ്പത്തൂരാണ്. ഡി.എം.കെ സഖ്യത്തിൽ മത്സരിക്കാനാണ് കമൽ ആഗ്രഹിക്കുന്നത്. നിലവിൽ സി.പി.എമ്മിലെ പി.ആർ നടരാജൻ പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. അതു കൊണ്ടു തന്നെ സി.പി.എമ്മിന്റെ സമ്മതമില്ലാതെ ഈ സീറ്റ് കമൽഹാസനു നൽകാൻ ഡി.എം.കെയ്ക്കു കഴിയുകയില്ല.

കോയമ്പത്തൂരിനു പുറമെ മധുരയിലും സി.പി.എമ്മിന്റെ സിറ്റിംഗ് എം.പിയാണുള്ളത്. ഈ രണ്ട് മണ്ഡലങ്ങളിലും ഇത്തവണയും പാർട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നാണ് സി.പി.എം പ്രഖ്യാപിച്ചിരിക്കുന്നത്. സി.പി.ഐയും തങ്ങൾ ജയിച്ച രണ്ട് സിറ്റിംഗ് സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്ന നിലപാടിലാണുള്ളത്. ഇടതുപക്ഷവുമായി പ്രത്യേകിച്ച് സി.പി.എം നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇപ്പോഴത്തെ അവസ്ഥയിൽ ഇടതുപക്ഷത്തെ പിണക്കി ഒരു തീരുമാനമെടുക്കാൻ കഴിയുകയില്ല.

അതേസമയം തന്നെ, കമൽഹാസന്റെ ‘മക്കൾ നീതിമയ്യം’ എന്ന പാർട്ടിയെ മുന്നണിയിൽ എടുക്കണമെന്ന അഗ്രഹവും സ്റ്റാലിനുണ്ട്. ഇക്കാര്യത്തിൽ സ്റ്റാലിനേക്കാൾ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണ് താൽപ്പര്യമുള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് മുഖ്യ എതിരാളിയായി വരുമെന്നു കണക്കു കൂട്ടുന്ന ഉദയനിധി ഈ വെല്ലുവിളിയെ അതിജീവിക്കാൻ ഡി.എം.കെ മുന്നണിയിൽ കമൽഹാസൻ ഉണ്ടാകണമെന്ന നിലപാടിലാണുള്ളത്. കമൽ നായകനായ ‘ഇന്ത്യൻ -2’ പുറത്തിറങ്ങുന്നതോടെ കമലിന്റെ താരമൂല്യം കുത്തനെ ഉയരുമെന്നാണ് കമലിന്റെ അനുയായികളും അവകാശപ്പെടുന്നത്.

ഡി.എം.കെ മുന്നണിയുടെ കേഡർ സംവിധാനവും കമൽ ഹാസന്റെ സാനിധ്യവും കൂടിയാകുമ്പോൾ തമിഴ് നാട്ടിൽ ഭരണ തുടർച്ച സാധ്യമാകുമെന്ന വിലയിരുത്തലിലേക്ക് ഡി.എം.കെ നേതൃത്വം എത്തിയാൽ മക്കൾ നീതിമയ്യത്തിന്റെ മുന്നണി പ്രവേശനം സാധ്യമാകും. അങ്ങനെ സംഭവിച്ചാൽ കോയമ്പത്തൂരിനു പകരം മറ്റൊരു സീറ്റ് കമലിനായി ഡി.എം.കെയ്ക്ക് കണ്ടെത്തേണ്ടി വരും. അതല്ലങ്കിൽ സി.പി.എമ്മിന് കോയമ്പത്തൂരിനു പകരമായി വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് വിട്ടു നൽകേണ്ടി വരും.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമായി ഏറെ അടുപ്പമുള്ള താരമാണ് കമൽഹാസ്സൻ. പ്രത്യയശാസ്ത്രപരമായും കമ്യൂണിസ്റ്റു പാർട്ടികളുമായി യോജിച്ചു പോകുന്ന നിലപാടാണ് കമലിനുള്ളത്. കമലിന്റെ സഹോദരി പുത്രി സുഹാസിനിയുടെയും സംവിധായകൻ മണിരത്നത്തിന്റെയും മകനായ നന്ദൻ മുൻ എസ്.എഫ്.ഐ നേതാവു കൂടിയാണ്. ഇതെല്ലാം പരിഗണിക്കുമ്പോൾ കമലിനെ ഒരിക്കലും സി.പി.എം തഴയില്ലന്ന കാര്യവും ഉറപ്പാണ്. കമലിനെ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശം സി.പി.എം നേതൃത്വം തന്നെ മുന്നോട്ടുവയ്ക്കാനാണ് സാധ്യത.

ഡി.എം.കെ മുന്നണിയുടെ യോഗത്തിൽ ഇതുസംബന്ധമായ അന്തിമ തീരുമാനമുണ്ടാകും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ആകെയുള്ള 39 സീറ്റുകളിൽ 38ലും വിജയിച്ചിരുന്നത് ഡി.എം.കെ മുന്നണിയാണ്. ഇത്തവണയും ഈ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പങ്കു വയ്ക്കുന്നത്. അണ്ണാ ഡി.എം.കെ കഴിഞ്ഞ തവണ വിജയിച്ച ഏക സീറ്റു പോലും ഇത്തവണ പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും ഡി.എം.കെ നേതൃത്വത്തിനുണ്ട്.

AIADMK

മുഖ്യ പ്രതിപക്ഷ പാർട്ടിയായ അണ്ണാ ഡി.എം.കെ നിലവിൽ പിളർന്ന അവസ്ഥയിലാണുള്ളത്. മുൻ മുഖ്യമന്ത്രിമാരായ എടപ്പാടി പളനി സ്വാമിയും, ഒ പനീർശെൽവവും രണ്ടു ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അണ്ണാ ഡി.എം.കെയെ മൊത്തത്തിൽ എടപ്പാടി പളനി സ്വാമിയാണ് നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ബി.ജെ.പി മുന്നണി വിടാനുള്ള തീരുമാനവും എടപ്പാടിയുടേത് തന്നെയാണ്. നഷ്ടമായ ന്യൂപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കുക എന്ന തന്ത്രവും ഈ മുന്നണി മാറ്റത്തിനു പിന്നിലുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ഒറ്റയ്ക്കു മത്സരിച്ച് കരുത്തുകാട്ടാനാണ് ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഇങ്ങനെ ഭിന്നിച്ച് മത്സരിക്കുന്നതിനാൽ ഭരണ വിരുദ്ധ വോട്ടുകളാണ് ഭിന്നിച്ചു പോകുക. ഇതാകട്ടെ ആത്യന്തികമായി ഭരണപക്ഷത്തിനാണ് ഗുണം ചെയ്യുക. അതായത്, മുഴുവൻ സീറ്റുകളും ഡി.എം.കെ മുന്നണി തൂത്തുവാരിയാലും അത്ഭുതപ്പെടേണ്ടതില്ലന്നതാണ് നിലവിലെ അവസ്ഥ. തമിഴകത്ത് ഡി.എം.കെ മുന്നണി വിജയം ആവർത്തിച്ചിൽ അത് ദേശീയ തലത്തിൽ പ്രതിപക്ഷ ചേരിക്കാണ് വലിയ കരുത്താകുക.

കമൽഹാസൻ കൂടി പാർലമെന്റിൽ എത്തിയാൽ ബി.ജെ.പിക്കെതിരെ പുതിയ പോർമുഖമാണ് തുറക്കപ്പെടുക. മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പലപ്പോഴും നിറഞ്ഞുനിന്ന താരമാണ് കമൽഹാസൻ. ഒറ്റയ്ക്ക് തമിഴക ഭരണം പിടിച്ചെടുക്കാമെന്ന സ്വപ്നം ഉപേക്ഷിച്ചാണ് നിലവിൽ പാർലമെന്റിൽ ഒരുകൈ നോക്കാൻ അദ്ദേഹം ഒരുങ്ങിയിരിക്കുന്നത്.

മറ്റൊരു സൂപ്പർതാരമായ ദളപതി വിജയ് ആകട്ടെ ലോകസഭ തിരഞ്ഞെടുപ്പിന്റെ ഗതി നോക്കി രാഷ്ട്രീയത്തിലിറങ്ങാനാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്. തമിഴകത്ത് ശക്തമായ സ്വീധനമുള്ള വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ കമൽ ഉൾപ്പെടെയുള്ള പല പ്രമുഖരും ആ ഭാഗത്തേക്ക് ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. ഡി.എം.കെ മുന്നണിക്ക് ശരിയായ ഭീഷണി ഉയരണമെങ്കിൽ ദളപതി വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നതാണ് നിലവിലെ അവസ്ഥ….

EXPRESS KERALA VIEW

Top