‘ബാഹുബലി’ കോട്ട പൊളിച്ച് വിക്രം; 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം

മൽഹാസൻ ചിത്രം വിക്രം കലക്‌ഷനിൽ പുത്തൻ റെക്കോഡുകൾ തീർത്ത് മുന്നേറുകയാണ്. തമിഴ്നാട്ടിൽ ബാഹുബലി കുറിച്ച അഞ്ചുവർഷത്തെ റെക്കോർഡ് വിക്രം ഇപ്പോൾ മറികടന്നിരിക്കുന്നു. രജനികാന്തിനും വിജയ്​യ്ക്കും അജിത്തിനും കഴിഞ്ഞ അഞ്ചുവർഷം സാധിക്കാതിരുന്നത്, അ‍ഞ്ചുവർഷമായി സജീവമായി ഫീൽഡിൽ ഇല്ലാത്ത കമൽ തിരുത്തിക്കുറിച്ചുവെന്നാണ് ആരാധകരുടെ വാഴ്ത്ത്.

155 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ബാഹുബലി നേടിയ കലക്‌ഷൻ. ഈ റെക്കോർഡ് വെറും പതിനാറ് ദിവസം കൊണ്ടാണ് വിക്രം തിരുത്തിയത്. തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രമെന്ന റെക്കോർഡും വിക്രം സ്വന്തമാക്കി. 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് വിക്രം. ഒപ്പം ആറ് പതിറ്റാണ്ടിലേറെ നീളുന്ന കമൽഹാസന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി വിക്രം മാറി. കേരളത്തിലും ചിത്രം കോടികൾ വാരിക്കൂട്ടി. 33 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്.

ആഗോളതലത്തിൽ ഏകദേശം 350 കോടി രൂപയിലേറെ വിക്രം നേടി. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കമൽഹാസൻ ഇക്കാര്യം സൂചിപ്പിച്ചത്. ‘‘എല്ലാവരും പുരോഗമിക്കണമെങ്കിൽ, പണത്തെക്കുറിച്ച് വിഷമമില്ലാത്ത ഒരു നേതാവിനെ നമുക്ക് വേണം. എനിക്ക് 300 കോടി രൂപ ഒറ്റയടിക്ക് സമ്പാദിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ ആരും അത് മനസ്സിലാക്കിയില്ല. ഇപ്പോൾ അത് സംഭവിച്ചു. ഈ പണം കൊണ്ട് ഞാൻ എന്റെ കടമെല്ലാം തിരിച്ചടക്കും. തൃപ്തിയാകുന്നത് വരെ ഭക്ഷണം കഴിക്കും.’’–കമൽ പറഞ്ഞു.

Top