ചരക്കുസേവന നികുതി നടപ്പിലാക്കിയാൽ സിനിമ തകരും, അഭിനയം നിർത്തുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ചരക്കുസേവന നികുതിയിൽ (ജിഎസ്ടി) സിനിമയുടെ നികുതി കുറയ്ക്കണമെന്ന് നടനും സംവിധായകനുമായ കമല്‍ഹാസന്‍.

ചരക്കുസേവന നികുതി നടപ്പിലാക്കിയാൽ സിനിമ തകരും. അഭിനയം നിർത്തേണ്ടി വരുമെന്നും കമൽഹാസൻ പറയുന്നു.

ഒരു ഇന്ത്യ ഒരു നികുതി എന്ന നടപടിയെ സ്വാഗതം ചെയ്യുന്നു. പക്ഷേ, ജിഎസ്ടിയിൽ മുന്നോട്ടു വയ്ക്കുന്ന 28 ശതമാനം നികുതി പ്രാദേശിക സിനിമയെ തകര്‍ക്കും. ഇത് 12-15 ശതമാനമായി കുറയ്ക്കണം. ജിഎസ്ടി ഇത്തരത്തിൽ നടപ്പിലാക്കുകയാണെങ്കിൽ അഭിനയം നിർത്താൻ താൻ നിർബന്ധിതനാകുമെന്നും കമൽ പറഞ്ഞു.

‘ഈ നികുതിഭാരം താങ്ങാന്‍ കഴിയാത്തതാണെങ്കില്‍ ഞാന്‍ സിനിമ വിടും. ഞാന്‍ സര്‍ക്കാരിനുവേണ്ടിയല്ല ജോലിയെടുക്കുന്നത്. എന്താണിത്? ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ?’– കമല്‍ ചോദിച്ചു. വിനോദ നികുതി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പലനിരക്കാണ്. ബോളിവുഡ് സിനിമയ്ക്ക് 28 ശതമാനം എന്നത് വലിയ കാര്യമല്ലായിരിക്കും. എന്നാല്‍ ഹോളിവുഡ് സിനിമയേയും ബോളിവുഡ് സിനിമയേയും പ്രാദേശിക സിനിമയേയും ഒരേ അളവില്‍ കാണരുതെന്നും കമല്‍ പറഞ്ഞു.

Top