ഹോര്‍ഡിങ് വീണ് യുവതി മരിച്ച സംഭവം; ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാരെന്ന് . . .

ചെന്നൈ: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഹോര്‍ഡിങ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തിന് ഉത്തരവാദി തമിഴ്‌നാട് സര്‍ക്കാരാണെന്ന് നടന്‍ കമല്‍ഹാസന്‍. യുവതിയുടെ മരണത്തിന് ഉത്തരവാദികളായ രാഷ്ട്രീയകാര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭ ശ്രീ രവി(23) സ്‌കൂട്ടറില്‍ വരുന്നതിനിടെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോര്‍ഡ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായി പിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് മുന്നില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് ടാങ്കര്‍ ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും കോടതി പറഞ്ഞു.

അതേസമയം, ടാങ്കര്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ളക്‌സ്‌ തയ്യാറാക്കി നല്‍കിയ പ്രസ് സീല്‍ ചെയ്തിട്ടുണ്ട്. യുവതിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ ഡിഎംകെയും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിന് പിന്നാലെ തെന്നിന്ത്യയിലെ പ്രമുഖ സിനിമാ താരങ്ങള്‍ തങ്ങളുടെ സിനിമകള്‍ക്ക് ഉപയോഗിക്കുന്ന ഹേര്‍ഡിങുകള്‍ ഒഴിവാക്കുകയും സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ഫ്‌ളക്‌സുകള്‍ ഉപയോഗിക്കരുതെന്ന് ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Top