അഭിനന്ദനങ്ങള്‍ കെജ്രിവാള്‍ ജി, നമുക്ക് വളര്‍ച്ചയിലേക്ക് പോകാം; കമല്‍ ഹാസന്‍

ചെന്നൈ: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രംഗത്ത്. ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ് ഈ ഭരണത്തുടര്‍ച്ച എന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു.

‘ഡല്‍ഹി വീണ്ടും നേടിയതിന് അഭിനന്ദനങ്ങള്‍ അരവിന്ദ് കെജ്രിവാള്‍ ജി. ആം ആദ്മിക്ക് വോട്ട് ചെയ്ത് വിജയപ്പിച്ചതിലൂടെ ധാര്‍മികതയുള്ള ഡല്‍ഹിയിലെ ജനങ്ങള്‍ പുരോഗമന രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു തന്നിരിക്കുകയാണ്. അടുത്ത വര്‍ഷം തമിഴ്‌നാട് ഇത് പിന്തുടരും. നമുക്ക് സത്യസന്ധതയിലേക്കും വളര്‍ച്ചയിലേക്കും പോകാം,’കമല്‍ ഹാസന് ട്വീറ്റ് ചെയ്തു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങെല്ലാം, പാലിക്കാനുള്ളതാണെന്ന് തെളിയിച്ച ജനനായകനാണ് കെജ്രിവാള്‍. അദ്ദേഹത്തിന്റെ ഭരണത്തുടര്‍ച്ച ഡല്‍ഹിയിലെ ജനങ്ങള്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. അതുതന്നെയാണ് ഈ മിന്നുന്ന വിജയത്തിന് കാരണവും.

കഴിഞ്ഞ തവണ 70ല്‍ 67 സീറ്റ് നേടി ഡല്‍ഹി ഭരണം പിടിച്ചെടുത്ത കെജ്രിവാളിനും പാര്‍ട്ടിക്കും ഇക്കുറി 62 സീറ്റ് നേടാനാണ് കഴിഞ്ഞത്. ബിജെപിക്കാകട്ടെ കഴിഞ്ഞ തവണ മൂന്ന് സീറ്റായിരുന്നത് ഇത്തവണ എട്ടാക്കി ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട്. വീണ്ടും അരവിന്ദ് കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും.

Top