തമിഴകത്ത് പുതിയ സഖ്യത്തിനായി കമലിന്റെ തന്ത്രപരമായ കരുനീക്കം!

മിഴകത്ത് പുതിയ പരീക്ഷണത്തിന് ഒരുങ്ങി നടന്‍ കമല്‍ ഹാസന്‍. രജനീകാന്തുമായി ഒരു സഖ്യം കമല്‍ ആഗ്രഹിക്കുന്നില്ലന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പൗരത്വ നിയമത്തിന് അനുകൂലമായ രജനിയുടെ നിലപാടാണ് കമലിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ‘ബി’ ടീമായി മാറാനുള്ള രജനിയുടെ നീക്കം അത്മഹത്യാപരമെന്നാണ് കമല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി, ഇടതു പക്ഷ പാര്‍ട്ടികള്‍ അടക്കമുള്ള ഒരു വിശാല മുന്നണിയാണ് കമലിപ്പോള്‍ ലക്ഷ്യമിടുന്നത്.

കമലിന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടി രൂപീകരണത്തില്‍ പങ്കെടുത്ത നേതാവാണ് അരവിന്ദ് കെജരിവാള്‍. പിണറായി വിജയന്റെ സന്ദേശവും സമ്മേളനത്തില്‍ പ്രത്യേകം പ്രക്ഷേപണം ചെയ്തിരുന്നു. ഈ രണ്ട് മുഖ്യമന്ത്രിമാരുമായും വളരെ അടുത്ത ബന്ധമാണ് കമല്‍ഹാസനുള്ളത്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യത്തിന് സീറ്റുകള്‍ ഒന്നും ലഭിച്ചിരുന്നില്ലങ്കിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്‍ഡ്യന്‍ 2 പുറത്തിറക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കമല്‍.

ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കുന്ന ഈ സിനിമയില്‍ സേനാപതി എന്ന സ്വതന്ത്ര സമര സേനാനിയെയാണ് കമല്‍ അവതരിപ്പിക്കുന്നത്.

അഴിമതിക്കെതിരെ ‘കത്തി’യെടുത്ത ഇന്‍ഡ്യന്‍ സിനിമയുടെ ആദ്യഭാഗം വലിയ സൂപ്പര്‍ ഹിറ്റായിരുന്നു. വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ 2വും സൂപ്പര്‍ ഹിറ്റാകുമെന്നാണ് കമലിന്റെ പ്രതീക്ഷ. രാഷ്ട്രീയവും സിനിമയും ഇഴചേര്‍ന്ന തമിഴകത്ത് പുതിയ സമവാക്യമാണ് കമല്‍ ലക്ഷ്യമിടുന്നത്.

അഴിമതിക്കെതിരെ പോരാടിയ കരുത്താണ് ഡല്‍ഹിയില്‍ കെജരിവാളിന് ഭരണം പിടിക്കാന്‍ സഹായകരമായിരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഉദയം തന്നെ അഴിമതിയെ തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.

കമല്‍ ഹാസന്റെ മക്കള്‍ നീതിമയ്യം മുന്നോട്ട് വയ്ക്കുന്നതും അഴിമതി വിരുദ്ധ സര്‍ക്കാറാണ്.

ഹാട്രിക്കോടെ ഡല്‍ഹിയില്‍ അധികാരത്തിലേറിയ കെജരിവാളിനെ അഭിനന്ദിച്ച് കമലും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹി മോഡല്‍ തമിഴകത്തും നടപ്പാക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ വരവേറ്റു തുടങ്ങിയെന്നും തമിഴ്‌നാട് ഈ മാതൃക അടുത്ത വര്‍ഷം സ്വീകരിക്കുമെന്നും കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

‘ഡല്‍ഹിയില്‍ മൂന്നാമതും ജയിച്ച താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍… ഡല്‍ഹിയിലെ ധര്‍മബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് അവര്‍ വഴി കാട്ടുന്നു.. തമിഴ്‌നാട് ഇതേ രീതി അടുത്ത വര്‍ഷം അനുകരിക്കും…സത്യസന്ധതയ്ക്കും വളര്‍ച്ചയ്ക്കുമായി നമുക്ക് പടനയിക്കാം.’ ഇതായിരുന്നു കമല്‍ഹാസന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കുറിച്ചിരുന്നത്.

ഒറ്റക്ക് ഒരു സാഹസത്തിനു മുതിരാതെ മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് കമല്‍ഹാസന്‍ ആഗ്രഹിക്കുന്നത്.ഈ മുന്നണിയിലേക്ക് ഇടതുപാര്‍ട്ടികളെയും ആം ആദ്മി പാര്‍ട്ടിയെയും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്.

അരവിന്ദ് കെജരിവാളിന്റെ പോപ്പുലാരിറ്റിയും ഇടതുപക്ഷത്തിന്റെ സംഘടനാ സംവിധാനവും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കമല്‍ പ്രതീക്ഷിക്കുന്നത്.

ഇടതു പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും നിലവില്‍ ഡി.എം.കെ മുന്നണിയിലാണുള്ളത്.

ഇരു പാര്‍ട്ടികള്‍ക്കുമായി രണ്ടു വീതം എം.പിമാരും തമിഴകത്ത്‌നിന്നും ലോകസഭയിലുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയില്‍ കമലിന്റെ മക്കള്‍ നീതിമയ്യവും ഉണ്ടാകണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാല്‍ ഡി.എം.കെ ഈ നിലപാടിന് എതിരാണ്.

രജനി മുഖ്യശത്രുവായി മാറുന്ന സാഹചര്യത്തില്‍ പുനരാലോചനക്ക് ഡി.എം.കെ തയ്യാറാവണമെന്ന് വീണ്ടുമിപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്ന ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഡി.എം.കെ വഴങ്ങിയില്ലങ്കില്‍ ഇടതു പാര്‍ട്ടികള്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമായ കാര്യമാണ്.

ഒറ്റക്ക് നിന്നാല്‍ വിജയിക്കാന്‍ സാധിക്കില്ലങ്കിലും തമിഴക ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോഴും സ്വാധീനമുണ്ട്. കേഡര്‍ സംഘടനാ സംവിധാനമാണ് പ്രധാന കരുത്ത്. കോളജുകളില്‍ എസ്.എഫ്.ഐ ക്കും തൊഴില്‍ മേഖലയില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകള്‍ക്കും നല്ല സ്വാധീനമാണുള്ളത്.

പുതു തലമുറയില്‍പ്പെട്ട യുവാക്കള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിക്കും മോശമല്ലാത്ത സ്വാധീനമുണ്ട്. ഡല്‍ഹിയിലെ ഹാട്രിക് വിജയത്തോടെ കെജരിവാള്‍ തമിഴകത്തും ഇപ്പോള്‍ ഹീറോയാണ്.

ഈ ഘടകങ്ങളെല്ലാം കമലിന് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് തീ പാറുന്ന മത്സരത്തിനാണ് വഴി തുറക്കുക.

ദളപതി വിജയ് യുടെ പിന്തുണ ആര്‍ക്കെന്നതും ഈ തിരഞ്ഞെടുപ്പില്‍ വഴിതിരിവാകും.വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലങ്കില്‍, പിന്തുണ കമലും ആഗ്രഹിക്കുന്നുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ക്കും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. വിജയ് യുമായും അജിത്തുമായും വളരെ അടുത്ത ബന്ധമാണ് കമലിനുള്ളത്.

ഈ അടുപ്പം പിന്തുണയായി മാറിയാല്‍ അത് ദ്രാവിഡ പാര്‍ട്ടികള്‍ക്കും രജനിക്കും വലിയ പ്രഹരമായി മാറും.

അജിത്തിനെ ഒപ്പം നിര്‍ത്താന്‍ അണ്ണാ ഡി.എം.കെ നേതാക്കളും നിലവില്‍ ശ്രമിക്കുന്നുണ്ട്. ജയലളിതയുമായി മുന്‍പ് ഏറെ അടുപ്പമുണ്ടായിരുന്ന നടനാണ് അജിത്ത്.

രാഷ്ട്രീയത്തിലിറങ്ങി വിജയ് മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്. ദളപതിയുടെ രാഷ്ട്രീയ പ്രവേശനം 2021 ല്‍ ഉണ്ടാകുമോ 2026 ല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്.

തമിഴകത്ത് മാത്രമല്ല, കേരളത്തില്‍ പോലും ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് വിജയ്.

നെയ് വേലിയിലെ ‘മാസ്റ്റര്‍’ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചപ്പോള്‍ ദളപതിയുടെ ഈ ആരാധകകരുത്ത് രാജ്യം കണ്ടതാണ്.

ആയിരങ്ങളാണ് ബി.ജെ.പിയെ തുരുത്താന്‍ നെയ് വേലിയില്‍ തടിച്ച് കൂടിയിരുന്നത്. ഒരു കുഗ്രാമത്തില്‍ പോലും നിമിഷ നേരം കൊണ്ട് ആയിരങ്ങളെ അണിനിരത്താനുള്ള ദളപതിയുടെ കഴിവ് കണ്ട് അന്തം വിട്ടിരിക്കുകയാണിപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍.

ആദായ നികുതി വകുപ്പ് റെയ്ഡിനെതിരെ രാജ്യസഭയില്‍ ദയാനിധി മാരന് പ്രതികരിക്കേണ്ടി വന്നതും ഈ ആരാധക കരുത്ത് കണ്ടാണ്.

ഡി.എം.കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമാണ് ദയാനിധി മാരാന്‍. ഡി.എം.കെ തലവന്‍ സ്റ്റാലിന്‍ പോലും മൗനം തുടര്‍ന്നപ്പോയാണ് മാരന്‍ പൊട്ടിത്തെറിച്ചിരുന്നത്. ദളപതിയുടെ അടുത്ത സിനിമ സണ്‍ പിക്‌ചേഴ്‌സാണ് ഒരുക്കുന്നത്. ദയാനിധി മാരന്റെ സഹോദരന്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സണ്‍ പിക്‌ചേഴ്‌സ്.

വിജയ് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ദയാനിധി മാരനും ഒപ്പം പോകുമോ എന്ന ചര്‍ച്ചയും ഇപ്പോള്‍ തമിഴകത്ത് സജീവമാണ്. തമിഴ് നാട്ടില്‍ ഏറ്റവും ശക്തമായ മാധ്യമ ശൃംഖലകളുടെ ഉടമകളാണ് മാരന്‍ സഹോദരന്‍മാര്‍.

ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കള്‍ കൂടിയാണിവര്‍.

ഇത്തവണ തമിഴക ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഡി.എം.കെയുടെ മുന്നില്‍ മറ്റൊരു സാധ്യത ഇനി കുറവായിരിക്കും. ദ്രാവിഡ പാര്‍ട്ടികള്‍ തന്നെ വലിയ വെല്ലുവിളി അഭിമുഖീകരിക്കുന്ന കാലഘട്ടം കൂടിയാണിത്. ആത്മീയ രാഷ്ട്രീയമാണ് രജനി പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി യോട് ചേര്‍ന്നു പോകുന്ന രാഷ്ട്രീയമാണിത്.

രജനി, കമല്‍, വിജയ് എന്നിവര്‍ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയാല്‍ ദ്രാവിഡ പാര്‍ട്ടികളാണ് വലിയ വെല്ലുവിളി നേരിടുക. രജനിക്കൊപ്പം പോകാനാണ് അണ്ണാ ഡി.എം.കെയിലെ ഒരു വിഭാഗവും ശ്രമിക്കുന്നത്. വിജയ് ഇറങ്ങിയാല്‍ അത് ഡി.എം.കെ വോട്ട് ബാങ്കിനെയും ഭിന്നിപ്പിക്കും.

96 ല്‍ രജനി സ്വീകരിച്ചതു പോലെ ഒരു നിലപാട് ദളപതി സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നിലവില്‍ വിലയിരുത്തുന്നത്. അന്ന് ഡിഎംകെക്കായിരുന്നു രജനിയെ കൊണ്ട് ഗുണം ലഭിച്ചിരുന്നത്. ‘ഒരിക്കല്‍ കൂടി ജയലളിത വന്നാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു’ രജനിയുടെ പ്രതികരണം. ഈ മാസ് ഡയലോഗ് തമിഴകത്തെ വലിയ രൂപത്തിലാണ് സ്വാധീനിച്ചിരുന്നത്. ജയലളിതയോടുള്ള ശത്രുതയായിരുന്നു രജനിയെ ഇത്തരത്തിലൊരു നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചിരുന്നത്.

ഇന്ന് രജനിക്ക് പകരം വിജയ് യാണ് അതേ അവസ്ഥയിലുള്ളത്. ബിജെപിയുടേയും അണ്ണാ ഡിഎംകെയുടേയും പകപോക്കലിനെതിരെ വലിയ കലിപ്പിലാണ് ദളപതിയുള്ളത്. രജനി ഇവര്‍ക്കൊപ്പം കൂടിയാല്‍ ആ കോപത്തിന് രജനിയും ഇരയാകും. ഇവിടെയാണ് വിജയ് യുടെ നിലപാട് ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ട് ഇറങ്ങിയില്ലങ്കില്‍ പോലും, ഭരണപക്ഷത്തെ തോല്‍പിക്കാന്‍ വിജയ് എന്തായാലും ശ്രമിക്കും.

അങ്ങനെ വന്നാല്‍ ആ പിന്തുണ ആര്‍ക്കാവും എന്നതും പ്രസക്തമാണ്. ഈ സാഹചര്യമാണ് കമല്‍ ആഗ്രഹിക്കുന്നത്. ദളപതിയുടെ പിന്തുണയോടെ ഒരു മാസ് മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ‘മാസ്റ്റര്‍’ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ തന്റെ നിലപാട് സംബന്ധിച്ച സൂചന ദളപതി നല്‍കുമെന്നാണ് സൂചന.

കമല്‍, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം എന്നിവക്കൊപ്പം വിജയ് കൂടി ചേര്‍ന്നാല്‍ അത് തമിഴകത്തിന്റെ തലവര തന്നെ മാറ്റാനാണ് വഴി ഒരുക്കുക. അത്തരമൊരു രാഷ്ട്രീയത്തിലേക്ക് തമിഴകം പോകുമോ എന്നാണ് ഇന്ദ്രപ്രസ്ഥവും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Political Reporter

Top